ഐപിഎല്‍ മെഗാ താരലേലത്തിന് മുന്നോടിയായി ഗുജറാത്ത് ടൈറ്റന്‍സ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെ ഒഴിവാക്കിയേക്കും. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍, സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാന്‍, ഇടം കയ്യന്‍ ബാറ്ററായ സായ് സുദര്‍ശന്‍ എന്നിവരെ ഗുജറാത്ത് നിലനിര്‍ത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അണ്‍ ക്യാപ്ഡ് താരങ്ങളായ രാഹുല്‍ തെവാട്ടിയ,ഷാറൂഖ് ഖാന്‍ എന്നിവരെയും ഫ്രാഞ്ചൈസി നിലനിര്‍ത്തും
ഇന്ത്യന്‍ ക്രിക്കറ്റിന്റെ തന്നെ മുഖമായി ബിസിസിഐ കൊണ്ടുവരുന്ന താരമാണ് ശുഭ്മാന്‍ ഗില്‍. കൂടാതെ ഒരു ഐപിഎല്‍ സീസണില്‍ ടോപ് സ്‌കോററാകാനും ഗില്ലിന് സാധിച്ചിരുന്നു. എന്നാല്‍ നായകനെന്ന നിലയില്‍ കഴിഞ്ഞ സീസണില്‍ ഇമ്പാക്ട് ഉണ്ടാക്കാന്‍ ഗില്ലിന് സാധിച്ചിരുന്നില്ല. ഹാര്‍ദ്ദിക്കിന്റെ കീഴില്‍ അരങ്ങേറ്റ സീസണില്‍ കിരീടം നേടിയ ഗുജറാത്ത് ടൈറ്റന്‍സ് രണ്ടാം സീസണില്‍ റണ്ണേഴ്‌സ് അപ്പായിരുന്നു. എന്നാല്‍ ഗില്ലിന്റെ നായകത്വത്തിന് കീഴില്‍ കഴിഞ്ഞ തവണ എട്ടാമതായാണ് ടീം ഫിനിഷ് ചെയ്തത്.
നാളെയാണ് ഐപിഎല്‍ 2025നോട് അനുബന്ധിച്ച് ടീമുകള്‍ നിലനിര്‍ത്തുന്ന താരങ്ങള്‍ ആരെല്ലമാണ് എന്നത് അറിയിക്കേണ്ട അവസാന തീയ്യതി. നവംബര്‍ അവസാനവാരം വിദേശത്ത് വെച്ചായിരിക്കും ഐപിഎല്‍ താരലേലം. വരാനിരിക്കുന്ന സീസണില്‍ ഓക്ഷന്‍ പ്രൈസിന് പുറമെ ഓരോ മത്സരത്തിനും 7.5 ലക്ഷം രൂപ മാച്ച് ഫീസ് താരങ്ങള്‍ക്ക് ലഭിക്കും. ഐപിഎല്‍ 2025ന് മുന്നോടിയായി ആറ് താരങ്ങളെ വരെ ടീമുകള്‍ക്ക് നിലനിര്‍ത്താനാകും.