ആർസിബിയുടെ കെജിഎഫ് മൂന്നായി പിരിയുന്നു? സോഷ്യൽ മീഡിയയിൽ അൺഫോളോ ചെയ്ത് മാക്സ്വെൽ

അഭിറാം മനോഹർ
ചൊവ്വ, 30 ജൂലൈ 2024 (12:54 IST)
ഐപിഎല്‍ കിരീടങ്ങളൊന്നും നേടാനായിട്ടില്ലെങ്കിലും ഐപിഎല്ലില്‍ ഏറ്റവുമധികം ആരാധകപിന്തുണയുള്ള ടീമാണ് ആര്‍സിബി എന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരു. കഴിഞ്ഞ കുറച്ച് സീസണുകളായി കെജിഎഫ് എന്ന ചുരുക്കപ്പേരില്‍ അറിയപ്പെട്ടിരുന്ന കോലി,ഗ്ലെന്‍ മാക്‌സ്വെല്‍,ഫാഫ് ഡുപ്ലെസിസ് എന്നിവരായിരുന്നു ടീമിന്റെ നട്ടെല്ല്. എന്നാല്‍ 2025ലെ ഐപിഎല്‍ സീസണിന് മുന്നോടിയായി മെഗാ താരലേലം നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ അടിമുടി മാറ്റത്തിനാണ് ആര്‍സിബി ഒരുങ്ങുന്നത്.
 
 പുതിയ സീസണില്‍ കോലിയെ തന്നെ വീണ്ടും നായകനാക്കാനാണ് മാനേജ്‌മെന്റിന്റെ തീരുമാനം. ഇതോടെ ഫാഫ് ഡുപ്ലെസിയെ ടീം കൈവിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ ആര്‍സിബിയെ അണ്‍ ഫോളോ ചെയ്തിരിക്കുകയാണ് ഓസീസ് സൂപ്പര്‍ താരമായ ഗ്ലെന്‍ മാക്‌സ്വെല്‍. ഇതോടെ പുതിയ സീസണില്‍ മാക്‌സ്വെല്ലിനെയും ആര്‍സിബി ഡ്രോപ് ചെയ്യുമെന്ന അഭ്യൂഹമാണ് സോഷ്യല്‍ മീഡിയയില്‍ നിന്നും ഉയരുന്നത്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ 10 ഇന്നിങ്ങ്‌സുകളില്‍ നിന്നും വെറും 52 റണ്‍സ് മാത്രമായിരുന്നു മക്‌സ്വെല്‍ നേടിയത്. ഉയര്‍ന്ന വില നല്‍കി മാക്‌സ്വെല്ലിനെ ഇനിയും ടീമില്‍ നിലനിര്‍ത്തേണ്ടതില്ലെന്നാണ് ആര്‍സിബി മാനേജ്‌മെന്റിന്റെ തീരുമാനം.
 
ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ ഓസ്‌ട്രേലിയക്കായി പതിവായി മികച്ച പ്രകടനങ്ങള്‍ തുടരുമ്പോഴും ഐപിഎല്ലില്‍ തന്റെ പേരിനൊത്ത പ്രകടനം നടത്താന്‍ മാക്‌സ്വെല്ലിനായിട്ടില്ല.  ഈ സാഹചര്യത്തിലാണ് താരത്തിന് പുറത്തേക്കുള്ള വഴി ഒരുങ്ങുന്നത്. കെജിഎഫില്‍ നിന്നും ഡുപ്ലെസിയും മാക്‌സ്വെല്ലും പിരിയുന്ന സാഹചര്യത്തില്‍ കര്‍ണാടക സ്വദേശിയും ഇന്ത്യന്‍ താരവുമായ കെ എല്‍ രാഹുലിനെ ആര്‍സിബി തിരിച്ചെത്തിക്കുമെന്നാണ് ആരാധകര്‍ കരുതുന്നത്. മുംബൈ ഇന്ത്യന്‍സ് വിടുമെന്ന് കരുതുന്ന സൂര്യകുമാര്‍ യാദവ്,രോഹിത് ശര്‍മ എന്നിവരെയും അടുത്ത സീസണില്‍ ആര്‍സിബി ലക്ഷ്യമിടുന്നുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

Next Article