'ധോണിയാകാന്‍ നോക്കിയതാണോ?' സഞ്ജുവിനെതിരെ ആരാധകരും !

വ്യാഴം, 12 മെയ് 2022 (11:14 IST)
ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ബാറ്റിങ് ക്രമത്തില്‍ സ്വയം പിന്നിലേക്ക് ഇറങ്ങിയതിനെതിരെ ആരാധകര്‍. നിര്‍ണായക സമയത്ത് ബിഗ് ഹിറ്ററായ സഞ്ജു സ്വയം താഴേക്ക് ഇറങ്ങിയത് ആന മണ്ടത്തരമായെന്ന് ആരാധകര്‍ കുറ്റപ്പെടുത്തി. സഞ്ജു നേരത്തെ ബാറ്റ് ചെയ്യാന്‍ ഇറങ്ങിയിരുന്നെങ്കില്‍ രാജസ്ഥാന്റെ ടോട്ടല്‍ റണ്‍സ് 20 റണ്‍സെങ്കിലും കൂടുമായിരുന്നെന്നും ഡല്‍ഹിക്കെതിരെ ജയിക്കാമായിരുന്നെന്നും ആരാധകര്‍ പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് സഞ്ജു ബാറ്റിങ് ക്രമത്തില്‍ താഴേക്ക് ഇറങ്ങിയതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. സ്വയം ധോണിയാകാന്‍ ശ്രമിച്ചതാണോ രാജസ്ഥാന്‍ നായകനെന്ന് പലരും കളിയാക്കി ചോദിച്ചിരിക്കുന്നു. 
 
ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സാണ് നേടിയത്. 18.1 ഓവറില്‍ വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഡല്‍ഹി രാജസ്ഥാനെ മറികടന്നു. ടീം ടോട്ടല്‍ 11 ല്‍ എത്തിയപ്പോള്‍ തന്നെ രാജസ്ഥാന് ഓപ്പണര്‍ ജോസ് ബട്‌ലറെ നഷ്ടമായി. പിന്നീട് വണ്‍ഡൗണ്‍ ആയി ക്രീസിലെത്തിയത് രവിചന്ദ്രന്‍ അശ്വിന്‍ ആണ്. നായകന്‍ സഞ്ജു സാംസണ്‍ മൂന്നാമതോ നാലാമതോ ആയി ബാറ്റ് ചെയ്യാന്‍ എത്തേണ്ടതായിരുന്നു. എന്നാല്‍ ഇത്തവണ സഞ്ജു എത്തിയത് അഞ്ചാമനായി. അപ്പോള്‍ മത്സരം 14.1 ഓവര്‍ പിന്നിട്ടിരുന്നു. സഞ്ജുവിനെ പോലൊരു ഹിറ്റര്‍ അല്‍പ്പം നേരത്തെ ക്രീസില്‍ എത്തിയിരുന്നെങ്കില്‍ ടീം ടോട്ടല്‍ കുറച്ചുകൂടെ ഉയരുമായിരുന്നെന്നാണ് ആരാധകരുടെ കുറ്റപ്പെടുത്തല്‍. 
 
ഇതിഹാസ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കറും സഞ്ജുവിനെതിരെ രംഗത്തെത്തി. 'മികച്ച ഹിറ്ററാണ് സഞ്ജു സാംസണ്‍. എന്നാല്‍ ബാറ്റിങ് ഓര്‍ഡറില്‍ താഴേക്കിറങ്ങിയത് സഞ്ജുവിന് ഗുണകരമായില്ല. നാലാം നമ്പര്‍ ബാറ്ററാണെങ്കില്‍ നാലാമതോ മൂന്നാമതോ ഇറങ്ങണം. ഉത്തരവാദിത്വം ഏറ്റെടുത്ത് ബാറ്റ് ചെയ്യണം. ഇപ്പോള്‍ സംഭവിച്ചത് എന്താണെന്ന് നോക്കുക. ടീം ആഗ്രഹിച്ച തുടക്കം ലഭിക്കാത്തതിന് പിന്നാലെ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു സഞ്ജു,' ഗവാസ്‌കര്‍ പറഞ്ഞു. ഡല്‍ഹിക്കെതിരായ മത്സരത്തില്‍ നാല് പന്തില്‍ ആറ് റണ്‍സെടുത്താണ് സഞ്ജു പുറത്തായത്. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍