Rahul Tripathi: സമദിന്റെ അശ്രദ്ധയില്ലാതെയാക്കിയത് ഹൈദരാബാദിന്റെ ഒരേയൊരു പ്രതീക്ഷ, ഡ്രസിംഗ് റൂമിലേക്ക് പോവാത നിരാശനായി രാഹുല്‍ ത്രിപാഠി

അഭിറാം മനോഹർ
ബുധന്‍, 22 മെയ് 2024 (08:14 IST)
Rahul Tripathi,SRH
ഐപിഎല്‍ പ്ലേഓഫില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ സമ്പൂര്‍ണ്ണ ആധിപത്യം പുലര്‍ത്തിയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫൈനലിലെത്തിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനുള്ള ഹൈദരാബാദിന്റെ തീരുമാനം ആദ്യ ഓവറില്‍ തന്നെ പിഴച്ചു. തന്റെ ആദ്യ സ്‌പെല്ലില്‍ 3 വിക്കറ്റുകള്‍ വീഴ്ത്തികൊണ്ട് മിച്ചല്‍ സ്റ്റാര്‍ക്കാണ് ഹൈദരാബാദിനെ തകര്‍ത്തത്. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന ഹെന്റിച്ച് ക്ലാസന്‍- രാഹുല്‍ ത്രിപാഠി സഖ്യം നാലിന് 39 എന്ന നിലയിലായിരുന്ന ടീമിനെ 100 കടത്തി. ടീമിനെ കൂട്ടതകര്‍ച്ചയില്‍ നിന്നും രക്ഷിച്ചത് ഈ കൂട്ടുക്കെട്ടായിരുന്നു. ക്ലാസന്‍ പുറത്തായതിന് പിന്നാലെ നിര്‍ഭാഗ്യകരമായ ഒരു റണ്ണൗട്ടിലൂടെ രാഹുല്‍ ത്രിപാഠിയും മടങ്ങി. ഇതോടെ ഹൈദരാബാദിന്റെ പോരാട്ടം അവസാനിക്കുകയായിരുന്നു.
 
35 പന്തില്‍ 7 ഫോറുകളും ഒരു സിക്‌സുമടക്കം 55 റണ്‍സ് നേടിയാണ് രാഹുല്‍ ത്രിപാഠിയുടെ മടക്കം. ക്ലാസനൊപ്പം നില്‍ക്കുമ്പോഴും പിന്നീടെത്തിയ അബ്ദുള്‍ സമദിനൊപ്പം നില്‍ക്കുമ്പോഴും ടീമിനായി സ്‌കോറിംഗ് ജോലി നല്ല രീതിയില്‍ നടത്താന്‍ ത്രിപാഠിക്ക് സാധിച്ചിരുന്നു. അബ്ദുള്‍ സമദും ടച്ചിലായിരുന്നതിനാല്‍ ഹൈദരാബാദിന് 170-180 റണ്‍സ് നേടാന്‍ മത്സരത്തില്‍ അവസരമുണ്ടായിരുന്നു. എന്നാല്‍ ഇല്ലാത്ത റണ്‍സിനായി അബ്ദുള്‍ സമദ് ശ്രമിച്ചതോടെ രാഹുല്‍ ത്രിപാഠിയ്ക്ക് റണ്ണൗട്ടായി മടങ്ങേണ്ടി വന്നു. മത്സരത്തിന്റെ പതിനാലാം ഓവറിലായിരുന്നു ത്രിപാഠിയുടെ മടക്കം. മത്സരത്തിലേക്ക് തിരിച്ചുവന്നിരുന്ന ഹൈദരാബാദിന്റെ എല്ലാ പ്രതീക്ഷകളും ഈ വിക്കറ്റ് നശിപ്പിച്ചു. പുറത്തായതിന്റെ നിരാശ രാഹുല്‍ ത്രിപാഠി കാണിക്കുകയും ചെയ്തു. ഡ്രസിംഗ് റൂമിലേക്ക് കയറുന്ന പടിയില്‍ ദീര്‍ഘനേരം തലകുമ്പിട്ടിരുന്നാണ് ത്രിപാഠി മടങ്ങിയത്.
 
 പിന്നാലെ അബ്ദുള്‍ സമദും പുറത്തായതോടെ ടീം 150 പോലും കടക്കില്ലെന്ന് തോന്നിച്ചെങ്കിലും വാലറ്റത്ത് 30 റണ്‍സുമായി തിളങ്ങിയ നായകന്‍ പാറ്റ് കമ്മിന്‍സാണ് ടീമിനെ മോശമല്ലാത്ത ടോട്ടലില്‍ എത്തിച്ചത്. മറുപടി ബാറ്റിംഗിനിറങ്ങിയ കൊല്‍ക്കത്തെ വെറും 13.4 ഓവറിലാണ് ഈ വിജയലക്ഷ്യം മറികടന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article