ഇങ്ങനെ കളിച്ചാല്‍ ദിനേശ് കാര്‍ത്തിക്ക് സെലക്ടര്‍മാരുടെ തലവേദനയാകും ! ട്വന്റി 20 ലോകകപ്പ് കളിക്കുമോ?

Webdunia
ബുധന്‍, 6 ഏപ്രില്‍ 2022 (10:11 IST)
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ വിജയശില്‍പ്പിയാകുകയാണ് ദിനേശ് കാര്‍ത്തിക്ക്. അക്ഷരാര്‍ത്ഥത്തില്‍ മികച്ച ഫിനിഷര്‍ എന്ന് പേരെടുത്തിരിക്കുകയാണ് താരം. 15-ാം സീസണില്‍ മൂന്ന് കളികള്‍ പൂര്‍ത്തിയായപ്പോള്‍ 44 പന്തില്‍ 90 റണ്‍സാണ് കാര്‍ത്തിക്ക് ഇതുവരെ നേടിയിരിക്കുന്നത്. 205 ആണ് സ്‌ട്രൈക് റേറ്റ്. 
 
രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തില്‍ 23 പന്തില്‍ 44 റണ്‍സാണ് കാര്‍ത്തിക്ക് നേടിയത്. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തില്‍ 14 പന്തില്‍ 32 റണ്‍സും കൊല്‍ക്കത്തയ്‌ക്കെതിരായ മത്സരത്തില്‍ ഏഴ് പന്തില്‍ 14 റണ്‍സും നേടി. മൂന്ന് കളികളിലും കാര്‍ത്തിക്ക് പുറത്താകാതെ നിന്നു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് ഫിനിഷറുടെ റോളിലാണ് കാര്‍ത്തിക്ക് ആറാടുന്നത്. 
 
കാര്‍ത്തിക്ക് ഈ ഫോം തുടര്‍ന്നാല്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്ക് തലവേദനയാകും. ഈ വര്‍ഷം നടക്കാനിരിക്കുന്ന ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യന്‍ സ്‌ക്വാഡിലേക്ക് കാര്‍ത്തിക്കിനേയും പരിഗണിക്കുമോ എന്നാണ് ആരാധകരുടെ ചോദ്യം. ഈ ഫോം തുടര്‍ന്നാല്‍ കാര്‍ത്തിക്കിനെ കണ്ടില്ലെന്ന് നടിക്കാന്‍ സെലക്ടര്‍മാര്‍ക്ക് സാധിക്കില്ല. പ്രത്യേകിച്ച് ഇന്ത്യന്‍ നിരയില്‍ ധോണിക്ക് ശേഷം മികച്ചൊരു ഫിനിഷര്‍ ഇല്ലാത്ത സാഹചര്യത്തില്‍. ഈ റോളിലേക്ക് മികച്ച അനുഭവസമ്പത്തുള്ള കാര്‍ത്തിക്കിനെ പരിഗണിക്കുന്നത് ടീമിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ഫീല്‍ഡര്‍മാര്‍ക്കിടയിലെ വിടവ് കണ്ടെത്തി ശ്രദ്ധയോടെ ബാറ്റ് ചെയ്യാനും ബൗണ്ടറി നേടാനുമുള്ള കാര്‍ത്തിക്കിന്റെ മികവ് ഇന്ത്യയ്ക്ക് മുതല്‍ക്കൂട്ടാകും.  
 

അനുബന്ധ വാര്‍ത്തകള്‍

Next Article