ഏറ്റവും കൂടുതൽ 200 റൺസുകൾ പിറന്ന ഐപിഎൽ, വേഗതയേറിയ ഫിഫ്റ്റി: റെക്കോർഡുകളുടെ തീമഴ പെയ്ത ഐപിഎൽ

ചൊവ്വ, 30 മെയ് 2023 (17:20 IST)
ഐപിഎല്‍ പതിനാറാം സീസണില്‍ വിജയികളായി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ചരിത്രത്തിലാദ്യമായി റിസര്‍വ് ദിനത്തില്‍ നടന്ന ഫൈനല്‍ പോരാട്ടത്തില്‍ അവസാന പന്തിലാണ് ചെന്നൈയുടെ വിജയം. ആവേശകരമായ മത്സരങ്ങള്‍ പിറന്ന 2023 സീസണ്‍ ഏറ്റവുമധികം തവണ 200 സ്‌കോര്‍ ടീമുകള്‍ പിന്നിട്ട സീസണാണ്. മറ്റ് എഡിഷനുകളില്‍ നിന്നും വ്യത്യസ്തമായി റെക്കോര്‍ഡുകളുടെ പെരുമഴ പെയ്ത സീസണായിരുന്നു കടന്നുപോയത്.
 
ഏറ്റവും കൂടുതല്‍ അര്‍ധസെഞ്ചുറികള്‍ പിറന്നതും ഏറ്റവും കൂടുതല്‍ 200+ സ്‌കോറുകള്‍ പിറന്നതും ഈ ഐപിഎല്‍ സീസണിലായിരുന്നു. 153 അര്‍ധസെഞ്ചുറികളാണ് ഈ സീസണില്‍ താരങ്ങള്‍ അടിച്ചുകൂട്ടിയത്. കഴിഞ്ഞ സീസണില്‍ ഇത് 118 എണ്ണം മാത്രമായിരുന്നു. 37 തവണയാണ് ഈ സീസണില്‍ ടീമുകള്‍ 200 റണ്‍സ് മറികടന്നത്. കഴിഞ്ഞ സീസണില്‍ ഇത് വെറും 18 തവണ മാത്രമായിരുന്നു. പഞ്ചാബ് കിംഗ്‌സിനെതിരെ ലഖ്‌നൗ നേടിയ 257 റണ്‍സാണ് ഈ സീസണിലെ ഒരു ടീമിന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. 200ന് മുകളില്‍ സ്‌കോര്‍ ചെയ്‌സ് ചെയ്ത് 8 തവണയാണ് എതിര്‍ടീം ഈ സീസണില്‍ വിജയിച്ചത്. ഇതും ഒരു റെക്കോര്‍ഡാണ്.
 
ഇമ്പാക്ട് പ്ലെയര്‍ റൂള്‍ വന്നതോട് കൂടിയാണ് 200+ സ്‌കോറുകളില്‍ ഈ വമ്പന്‍ വര്‍ധനവ് ഉണ്ടായത്. ആദ്യം ബാറ്റ് ചെയ്യുന്ന ടീമുകളുടെ ആവറേജ് സ്‌കോറിംഗും റണ്‍റേറ്റും കുതിച്ചുയരുന്നതും ഈ സീസണില്‍ കാണാനായി. ഈ സീസണില്‍ ആദ്യം ബാറ്റ് ചെയ്ത ടീമുകളുടെ ആവറേജ് ടോട്ടല്‍ 183 റണ്‍സാണ്. കഴിഞ്ഞ സീസണില്‍ ഇത് 171 റണ്‍സായിരുന്നു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍