എനിക്ക് ജീവിതകാലം മുഴുവൻ ഇനി പുഞ്ചിരിക്കാം, ഈ ദിവസം എനിക്ക് തന്നത് അതാണ്: അമ്പാട്ടി റായുഡു

ചൊവ്വ, 30 മെയ് 2023 (13:36 IST)
ഐപിഎല്‍ 2023 ഫൈനല്‍ മത്സരത്തിന് മുന്‍പാണ് ഇനി ക്രിക്കറ്റിലേക്ക് ഒരു യൂടേണ്‍ ഉണ്ടാകില്ലെന്നും ഐപിഎല്‍ ഫൈനല്‍ തന്റെ അവസാന മത്സരമാകുമെന്നും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം അമ്പാട്ടി റായുഡു പ്രഖ്യാപിച്ചത്. ഈ ഐപിഎല്‍ സീസണില്‍ കളിച്ച മത്സരങ്ങളിലൊന്നും തന്നെ തിളങ്ങാന്‍ കഴിയാതിരുന്ന താരം ഫൈനല്‍ മത്സരത്തിനുള്ള ചെന്നൈ ടീമിലും ഭാഗമായിരുന്നു. വിരമിക്കല്‍ മത്സരം കിരീടനേട്ടം കൊണ്ട് അവസാനിപ്പിക്കുക മാത്രമല്ല. കളിയുടെ ഫലം തന്നെ മാറ്റിനിര്‍ണയിച്ച ഒരു കാമിയോ പ്രകടനം നടത്തിയാണ് റായുഡു ഇത്തവണ പവലിയനില്‍ തിരിച്ചെത്തിയത്.
 
മത്സരത്തില്‍ 8 പന്തില്‍ ഒരു ബൗണ്ടറിയും 2 സിക്‌സറും ഉള്‍പ്പടെ 19 റണ്‍സാണ് റായൂഡു നേടിയത്. ഗുജറാത്ത് ടൈറ്റന്‍സിന്റെ കയ്യില്‍ നിന്നും മത്സരം തിരികെ വാങ്ങാന്‍ സഹായിച്ചത് ഈ നിര്‍ണായക പ്രകടനമായിരുന്നു. ഇതിനെ പറ്റി മത്സരശേഷം റായുഡു പ്രതികരിച്ചത് ഇങ്ങനെ. ഇത് ഒരു അവിശ്വസനീയമായ ഫിനിഷാണ്.എനിക്ക് ഇതിന് മുകളില്‍ ചോദിക്കാന്‍ കഴിയില്ല. ഇത് അവിശ്വസനീയമാണ്. ഈ അവസരം ലഭിച്ചത് ഒരു ഭാഗ്യമായി ഞാന്‍ കരുതുന്നു. എനിക്ക് ഇനി എന്റെ ജീവിതകാലം മുഴുവന്‍ പുഞ്ചിരിക്കാം. അതാണ് ഈ ദിവസം എനിക്ക് സമ്മാനിച്ചത്. 30 വര്‍ഷമായി ഞാന്‍ കഠിനാധ്വാനം ചെയ്യുന്നു. എന്റെ കുടുംബത്തിനും പിതാവിനും ഈ അവസരത്തില്‍ ഞാന്‍ നന്ദി പറയാന്‍ ആഗ്രഹിക്കുന്നു. അവരില്ലെങ്കില്‍ ഇതൊന്നും സാധ്യമായിരുന്നില്ല. റായിഡു കൂട്ടിചേര്‍ത്തു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍