ഐപിഎല്ലില്‍ കുറഞ്ഞ ഓവര്‍ നിരക്ക് മൂന്നാം തവണയും ആവര്‍ത്തിച്ചതോടെ ഒരു മത്സരത്തില്‍ നിന്നും വിലക്ക് നേരിട്ട് ഡല്‍ഹി ക്യാപ്പിറ്റല്‍സ് നായകന്‍ റിഷഭ് പന്ത്. ഇതോടെ ഇന്ന് ആര്‍സിബിക്കെതിരെ നടക്കുന്ന നിര്‍ണായകമത്സരം റിഷഭ് പന്തിന് നഷ്ടമാകും. പന്തിന്റെ അഭാവത്തില്‍ ഓള്‍ റൗണ്ടര്‍ അക്ഷര്‍ പട്ടേലാകും ഡല്‍ഹിയെ നയിക്കുക.
കഴിഞ്ഞ കുറച്ച് സീസണുകളിലായി ടീമിന്റെ ഉപനായകനാണ് അക്ഷര്‍ പട്ടേല്‍ അക്ഷര്‍ പട്ടേല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറെ പരിചയമുള്ള കളിക്കാരനാണെന്നും ക്രിക്കറ്റിലെ തന്ത്രങ്ങള്‍ അറിയുന്ന ആളാണെന്നും ടീം പരിശീലകനായ റിക്കി പോണ്ടിംഗ് പറയുന്നു. റിഷഭ് പന്തിന് വിലക്ക് നേരിട്ടാല്‍ അക്‌സറിനെ നായകനാക്കണമെന്ന ചര്‍ച്ച കുറച്ച് ദിവസങ്ങളായി ടീമിലുണ്ടായിരുന്നു എന്നും പോണ്ടിംഗ് വ്യക്തമാക്കി. ഐപിഎല്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ഡല്‍ഹിക്കും ആര്‍സിബിക്കും ഇന്ന് വിജയം നേടേണ്ടതുണ്ട്.
കുറഞ്ഞ ഓവര്‍ നിരക്ക് മൂന്നാം തവണയും ആവര്‍ത്തിച്ചതോടെയാണ് ഒരു മത്സരത്തില്‍ പന്തിന് വിലക്കേര്‍പ്പെടുത്തിയത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തിലാണ് റിഷഭ് പന്തിന് ആദ്യം പിഴശിക്ഷ വിധിച്ചത്. കൊല്‍ക്കത്തക്കെതിരെയും തെറ്റ് ആവര്‍ത്തിച്ചപ്പോള്‍ പിഴ 12 ലക്ഷത്തില്‍ നിന്നും 24 ലക്ഷമാക്കി മാറ്റിയിരുന്നു. മൂന്നാം തവണ ആവര്‍ത്തിച്ചതോടെ 30 ലക്ഷം പിഴയും ഒരു മത്സരത്തില്‍ നിന്നും വിലക്കും റിഷഭ് പന്തിന് ലഭിക്കുകയായിരുന്നു.