മുന്‍ സീസണുകളേതിനേക്കാള്‍ ഏറ്റവും കൂടുതല്‍ വമ്പന്‍ സ്‌കോറുകള്‍ പിറന്ന കൂടുതല്‍ സിക്‌സുകള്‍ പിറന്ന സീസണാണ് 2024. ഹൈദരാബാദും കൊല്‍ക്കത്തയും ആദ്യ ഓവറുകള്‍ മുതല്‍ തകര്‍ത്തടിച്ചു തുടങ്ങിയപ്പോള്‍ സീസണില്‍ പല തവണ ഈ ടീമുകള്‍ 250+ സ്‌കോറുകള്‍ സ്വന്തമാക്കി. വിനാശകാരികളായ ഓപ്പണിംഗ് ബാറ്റര്‍മാരുടെ പ്രകടനമാണ് ഇതിന് കാരണമായത്. ഇതില്‍ തന്നെ ഹൈദരാബാദിന്റെ ഓപ്പണിംഗ് സഖ്യമായ ട്രാവിസ് ഹെഡ്- അഭിഷേക് ശര്‍മ കൂട്ടുക്കെട്ട് രണ്ട് തവണയാണ് പവര്‍പ്ലേയില്‍ 100 റണ്‍സ് മറികടന്നത്.
13 മത്സരങ്ങളില്‍ നിന്നും 38 റണ്‍സ് ശരാശരിയില്‍ 467 റണ്‍സാണ് അഭിഷേക് ശര്‍മ ഇക്കുറി അടിച്ചുകൂട്ടിയത്. ഓറഞ്ച് ക്യാപ്പിനായി മത്സരിക്കുന്ന താരങ്ങളില്‍ ഒമ്പതാം സ്ഥാനത്താണ് അഭിഷേക് ശര്‍മ ഇപ്പോള്‍. എന്നാല്‍ ഐപിഎല്ലില്‍ ഈ സീസണില്‍ കളിച്ച ഒരൊറ്റ കളിയിലും 30 പന്തുകള്‍ പൂര്‍ത്തിയാക്കാന്‍ അഭിഷേകിനായിട്ടില്ല. എങ്കിലും 3 അര്‍ധസെഞ്ചുറികളടക്കം 467 റണ്‍സ് അഭിഷേക് സ്വന്തമാക്കി കഴിഞ്ഞു. ഇതില്‍ തന്നെ ലഖ്‌നൗവിനെതിരായ മത്സരത്തില്‍ 28 പന്തില്‍ നിന്നും പുറത്താകാതെ നേടിയ 75 റണ്‍സാണ് അഭിഷേകിന്റെ ഉയര്‍ന്ന സ്‌കോര്‍. മുംബൈ ഇന്ത്യന്‍സിനെതിരെ 23 പന്തില്‍ 63 റണ്‍സും പഞ്ചാബിനെതിരെ 28 പന്തില്‍ 66 റണ്‍സും അഭിഷേക് സ്വന്തമാക്കി കഴിഞ്ഞു.
ഓപ്പണിംഗില്‍ പവര്‍പ്ലേയുടെ ആനുകൂല്യം പൂര്‍ണ്ണമായും മുതലെടുത്ത് എതിരാളികളെ ചിത്രത്തില്‍ നിന്നും മായ്ച്ചുകളയുന്നതാണ് അഭിഷേകിന്റെ ശൈലി. 30 പന്തുകള്‍ നേരിട്ടാന്‍ തന്നെ 60ന് മുകളില്‍ റണ്‍സ് എത്തിക്കാന്‍ അഭിഷേകിന് സാധിക്കുമ്പോള്‍ ഈ വേഗതയേറിയ തുടക്കങ്ങള്‍ ടീമിനെ വമ്പന്‍ സ്‌കോറിലേക്കെത്തിക്കാന്‍ സഹായിക്കുന്നു. ഇത്തവണ ഹൈദരാബാദിനെ പ്ലേ ഓഫിലെത്തിച്ചത് ഭയമില്ലാതെ മികച്ച തുടക്കം നല്‍കുന്ന അഭിഷേക്- ഹെഡ് ജോഡിയുടെ പ്രകടനങ്ങളാണ്.