‘തല’യില്ലാതെ ടീം പരിശീലനത്തിനിറങ്ങി; ധോണി എവിടെ ?, എന്ത് സംഭവിച്ചു ? - ആരാധകര്‍ ആശങ്കയില്‍
ചൊവ്വ, 30 ഏപ്രില്‍ 2019 (17:09 IST)
ഏകദിന ലോകകപ്പും ഐപിഎല്‍ ഫൈനലും അടുത്തുവരാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ
ആരാധകര്‍ നിരാശയില്‍. ബുധനാഴ്‌ച ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നേരിടാനിരിക്കെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകന്‍ മഹേന്ദ്ര സിംഗ് ധോണി പരിശീലനത്തിന് ഇറങ്ങാത്തതാണ് ക്രിക്കറ്റ് പ്രേമികളെ ആശങ്കപ്പെടുത്തുന്നത്.
ധോണിയെ കൂടാതെയാണ് ടീം ചെപ്പോക്കില്‍ പരിശീലനത്തിന് ഇറങ്ങിയത്. മുംബൈ ഇന്ത്യന്‍സിനെതിരെ കഴിഞ്ഞ മത്സരം കളിക്കാതിരുന്ന രവീന്ദ്ര ജഡേജ പരിശീലനത്തിന് ഇറങ്ങുകയും ചെയ്‌തു.
ധോണിക്ക് പനിയാണെന്നും നടുവേദനയാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ശക്തമാണ്. ധോണിക്ക് പരുക്കേറ്റെന്നും എന്നാല്‍ ഗുരുതരമല്ലെന്നും ചെന്നൈ പരിശീലകന്‍ സ്‌റ്റീഫന്‍ ഫ്ലെമിങ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ചെന്നൈ സൂപ്പര്‍ കിംഗ്‌സ് - ഡല്‍ഹി ക്യാപ്പിറ്റല്‍സ് മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്. ഈ മത്സരത്തിലെ വിജയികളായിരിക്കും പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാരാവുക. ഇതിനാല്‍ ജയത്തില്‍ കുറഞ്ഞൊന്നും രണ്ട് ടീമുകളും ആഗ്രഹിക്കുന്നില്ല.
അവസാനം കളിച്ച നാലു കളികളില്‍ മൂന്നിലും തോറ്റ ചെന്നൈക്ക് പ്ലേ ഓഫിന് മുമ്പ് വിജയവഴിയില്‍ തിരിച്ചെത്തേണ്ടത് അനിവാര്യമാണ്.