അരുവികളും മഴക്കാടുകളും നിറഞ്ഞ് നിൽക്കുന്ന, പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന അഞ്ചേക്കർ ഭൂമി. അതും ഓസ്ട്രേലിയയിൽ. ആരായാലും കൊതിക്കും അത്തരത്തിൽ ഒന്ന് സ്വന്തമാക്കുവാൻ. ചിലരുടെ സ്വപ്നവും ആയിരിക്കും ഇത്. എന്നാൽ, ഈ സ്വപ്നഭൂമി സൗജന്യമായി കിട്ടുക എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പറ്റുമോ?. സംഭവം സത്യമാണ്.
കെയ്ൻസ് വിമാനത്താവളത്തിൽ നിന്നും വിനോദസഞ്ചാര കേന്ദ്രമായ ഗ്രേറ്റ് ബാരിയർ റീഫിൽ നിന്നും രണ്ട് മണിക്കുർ ഉള്ളിലേക്ക് പോയാൽ മനോഹരമായ ഒരു വലിയ വീടും ചുറ്റിനും ചെറിയ കാടുകളുമുള്ള അഞ്ചേക്കർ ഭൂമി കാണാം. പക്ഷികളും മൃഗങ്ങളും ഒരുപാട് ഉള്ള ഈ ഭൂമി നിങ്ങൾക്കും സ്വന്തമാക്കാം. പക്ഷേ, നിർദേശിച്ചിരിക്കുന്ന ജോലി ചെയ്യണമെന്ന് മാത്രം.
പ്രമുഖ പരിസ്ഥിതി പ്രവർത്തകനും മൃഗസ്നേഹിയുമായ ഹാരി കുൻസിന്റേതാണ് ഈ വീട്. നിലവിലുള്ള മൃഗസംരക്ഷണ കേന്ദ്രം നോക്കിനടത്താൻ കഴിയുന്നയാൾക്ക് ഭൂമിയും വീടും സൗജന്യമായി നൽകുമെന്നാണ് ഉടമ പ്രഖ്യാപിച്ചിരിക്കുന്നത്. പരിക്കേറ്റ മൃഗങ്ങളും കേന്ദ്രത്തിലുണ്ട്. എന്നും ഈഗിള്‍സ് നെസ്റ്റ് മൃഗങ്ങളുടെ സംരക്ഷണ കേന്ദ്രമായി നിലനിര്‍ത്തണമെന്ന നിബന്ധന മാത്രമേ കുൻസിനുള്ളു.
കേന്ദ്രം ഇത്രയും നാൾ നോക്കിനടത്തിയത് കുൻസ് ആയിരുന്നു. ജോലിയിൽ നിന്നും വിരമിക്കാനാണ് കുൻസിന്റെ ഇപ്പോഴത്തെ തീരുമാനം. മൃഗസിനേഹികൾക്കാകും മുൻഗണന എന്ന കാര്യത്തിൽ സംശയം വേണ്ട. പല രീതിയിൽ പരുക്കേറ്റ മൃഗങ്ങളും പക്ഷികളും കേന്ദ്രത്തിലുണ്ട്. ഇവയെയെല്ലാം സംരക്ഷിക്കേണ്ടതും ജോലിക്കാരന്റെ ചുമതലയാണ്. കുൻസിന്റെ നിർദേശം അംഗീകരിച്ചാൽ സ്വപ്നതുല്യമായ വീട് നിങ്ങൾക്ക് സ്വന്തമാകും.