US Election 2024, All things to know: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. അടുത്ത 24 മണിക്കൂറിനുള്ളില്‍ ആരാകും യുഎസിന്റെ പുതിയ പ്രസിഡന്റെന്ന് അറിയാന്‍ സാധിക്കും. 1845 മുതല്‍ നവംബര്‍ മാസത്തിലെ ആദ്യ ചൊവ്വാഴ്ചയാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ദേശീയമായി ലഭിക്കുന്ന ആകെ വോട്ടുകളെ അടിസ്ഥാനമാക്കിയല്ല യുഎസ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുക. അതായത് ജനങ്ങളുടെ വോട്ട് കൂടുതല്‍ കിട്ടിയ ആള്‍ പ്രസിഡന്റ് ആകണമെന്നില്ല. മറിച്ച് ഇലക്ടറല്‍ കോളേജുകള്‍ പിടിക്കുന്നതാണ് യുഎസ് പ്രസിഡന്റിനെ തീരുമാനിക്കുക.
538 ഇലക്ടറല്‍ കോളേജുകളാണ് യുഎസില്‍ ഉള്ളത്. അതില്‍ 270 ഇലക്ടറല്‍ കോളേജുകള്‍ നേടുന്ന സ്ഥാനാര്‍ഥിയാണ് യുഎസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെടുക. ജനസംഖ്യയ്ക്ക് അനുസരിച്ചാണ് ഓരോ സംസ്ഥാനങ്ങള്‍ക്കുമുള്ള ഇലക്ടറല്‍ കോളേജുകള്‍ തീരുമാനിക്കുക. ഉദാഹരണത്തിനു 39 മില്യണില്‍ അധികം ജനസംഖ്യയുടെ കാലിഫോര്‍ണിയ സംസ്ഥാനത്തിനു 54 ഇലക്ടറര്‍ കോളേജുകള്‍ ഉണ്ട്. 29 മില്യണ്‍ ജനസംഖ്യയുള്ള ടെക്‌സസില്‍ 40 ഇലക്ടറര്‍ കോളേജുകളാണ് ഉള്ളത്.
യുഎസ് ഭരണഘടന പ്രകാരം ഇലക്ടര്‍മാരാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുക. സാധാരണ വോട്ടര്‍മാര്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറില്‍ കാണുന്നത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ പേരുകള്‍ മാത്രമാണ്. ഇലക്ടര്‍മാരുടെ പേരുകള്‍ ബാലറ്റില്‍ ഉണ്ടാകില്ല. എന്നാല്‍ വോട്ടര്‍മാര്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യുമ്പോള്‍ ആ വോട്ട് സ്ഥാനാര്‍ഥിയുടെ പാര്‍ട്ടി നിയോഗിച്ച ഇലക്ടര്‍മാര്‍ക്കാണ് ലഭിക്കുക. പിന്നീട് ഈ ഇലക്ടര്‍മാരുടെ പിന്തുണയ്ക്ക് അനുസരിച്ചാണ് പ്രസിഡന്റിനെ തീരുമാനിക്കുക. അതായത് തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ യഥാര്‍ഥത്തില്‍ വോട്ട് ചെയ്യുന്നത് ഇലക്ടര്‍മാര്‍ക്കാണ്.
കൂടുതല്‍ വ്യക്തതയ്ക്കു വേണ്ടി മറ്റൊരു ഉദാഹരണം പറയാം. യുഎസിലെ ഒരു സംസ്ഥാനത്തില്‍ 51 ശതമാനം വോട്ടുകളും ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ കമല ഹാരിസിനു ലഭിച്ചെന്നു കരുതുക. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിന് 49 ശതമാനവും. എന്നാല്‍ അവിടെയുള്ള 29 ഇലക്ടറല്‍ കോളേജുകളില്‍ 19 എണ്ണം ട്രംപിന് ഒപ്പവും 10 എണ്ണം കമലയ്ക്ക് ഒപ്പവും ആണെങ്കില്‍ ആകെയുള്ള 29 ഇലക്ടറര്‍ കോളേജുകളും ട്രംപിന് ലഭിക്കും. ഇതാണ് യുഎസിലെ മിക്ക സംസ്ഥാനങ്ങളിലും നിലനില്‍ക്കുന്ന വിന്നര്‍ ടേക്ക് ഓള്‍ സമ്പ്രദായം.
2016 ലെ യുഎസ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപിന് 46.1 ശതമാനം വോട്ടുകളാണ് ലഭിച്ചത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ ഹിലരി ക്ലിന്റണ് 48.2 ശതമാനം വോട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ട്രംപിന് 304 ഇലക്ടറല്‍ കോളേജുകളുടെ പിന്തുണയുണ്ടായിരുന്നു. ഹിലരി ക്ലിന്റണ് 232 ഇലക്ടറര്‍ കോളേജുകളേ ഉണ്ടായിരുന്നുള്ളൂ. കൂടുതല്‍ വോട്ടുകള്‍ ലഭിച്ചിട്ടും ഹിലരി ക്ലിന്റണെ തോല്‍പ്പിച്ച് ട്രംപ് പ്രസിഡന്റ് ആകുകയായിരുന്നു.