പസഫിക് മഹാസമുദ്രത്തില്‍ തോംഗയ്‌ക്കു സമീപമുള്ള മേഖലകള്‍ അഗ്നിവളയ മേഖല എന്നാണ് വിളിക്കപ്പെടുന്നത്. അഗ്നി പര്‍വത സ്‌ഫോടനങ്ങള്‍ പതിവായതിനാലാണ് ഇവിടം അഗ്നി വളയ മേഖലയെന്ന് അറിയപ്പെടുന്നത്. ഈ മേഖലയില്‍ അഗ്നിപര്‍വ്വത സ്‌ഫോടനത്തെ തുടര്‍ന്ന് ദ്വീപ രൂപം കൊണ്ടതായി ഗവേഷകര്‍ അറിയിച്ചു.
ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തൊടെയാണ് പുതിയ ദ്വീപിന്റെ സാന്നിധ്യം ഗവേഷകര്‍ കണ്ടെത്തിയത്. പുതിയ ദ്വീപിന് ഒരു കിലോമീറ്ററാണു നീളം. ഈ മാസം 19 നാണു പുതിയ ദ്വീപ് ഉപഗ്രഹചിത്രങ്ങളില്‍ പതിഞ്ഞത്. കഴിഞ്ഞ ഡിസംബറില്‍ ഉണ്ടായ അഗ്നിപര്‍വ്വത സ്ഫോടനമാണ് പുതിയ ദ്വീപിന്റെ പിറവിക്കു കാരണം. അഗ്നിപര്‍വതത്തില്‍നിന്നുയര്‍ന്ന പൊടിപടലം 4,500 മീറ്റര്‍ ഉയരത്തില്‍ വരെയെത്തിയിരുന്നു. അഗ്നി പര്‍വ്വത മേഖലയായതിനാല്‍ ഇതുവഴിയുള്ള വ്യോമഗതാഗതം പ്രോത്സാഹിപ്പിക്കാറില്ല.
അഗ്നി പര്‍വത സ്‌ഫോടനത്തെ തുടര്‍ന്നു ദ്വീപുകള്‍ ഉണ്ടാകുന്നത് അസാധാരണമല്ല. 2013 ല്‍ ജപ്പാന്‍ തീരത്തും ഇതുപോലെ ദ്വീപ് രൂപപ്പെട്ടിരുന്നു. ഒരു മാസത്തിനുശേഷം ഇതു കടലില്‍ മുങ്ങി. അതേപോലെ ഈ പുതിയ ദ്വീപും കടലില്‍ മുങ്ങുമെന്നാണ് ഗവേഷകര്‍ പറയുന്നത്. അതേസമയം ഈ മേഖലയിലെ സമുദ്രജലത്തിന്റെ നിറം പച്ചയായി മാറിയതും ശാസ്‌ത്രജ്‌ഞര്‍ക്കു കൗതുകമായി. അഗ്നിപര്‍വതത്തില്‍നിന്നുയര്‍ന്ന നൈട്രജന്‍ , ഫോസ്‌ഫറസ് എന്നിവയുടെ സഹായത്താല്‍ വളര്‍ന്ന ആല്‍ഗകളെയാണ് ഇതിനു കാരണമായി ശാസ്‌ത്രജ്‌ഞര്‍ കണക്കാക്കുന്നത്.