ട്രംപ് വിരുദ്ധനാണോ?, അമേരിക്കൻ സ്വപ്നങ്ങൾ ഉപേക്ഷിച്ചേക്കു, വിദേശ വിദ്യാർഥികളുടെ വിസയ്ക്ക് സോഷ്യൽ മീഡിയ പരിശോധന കർശനമാക്കുന്നു

അഭിറാം മനോഹർ

ബുധന്‍, 28 മെയ് 2025 (17:05 IST)
വാഷിങ്ടണ്‍:അമേരിക്കയിലേയ്ക്കുള്ള  വിദ്യാര്‍ത്ഥി വിസ അനുവദിക്കുന്നതില്‍  നിര്‍ണായകമായ മാറ്റങ്ങള്‍ വരുത്തി ട്രംപ് ഭരണകൂടം.  വിദേശ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തുന്ന വിസ അഭിമുഖങ്ങള്‍ താത്കാലികമായി നിര്‍ത്തിവെക്കാനും, സാമൂഹ്യമാധ്യമങ്ങള്‍ വഴി വിദ്യാര്‍ത്ഥികളുടെ പശ്ചാത്തല പരിശോധന ശക്തമാക്കാനും യു.എസ്. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉത്തരവിട്ടതായി അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
 
 
ഡിപ്ലോമാറ്റിക് സ്ഥാനപതികള്‍ക്കയച്ച   സന്ദേശത്തില്‍ അടുത്ത നിര്‍ദേശമുണ്ടാകുന്നത് വരെ വിദ്യാര്‍ത്ഥി വിസ അഭിമുഖങ്ങള്‍ നിര്‍ത്തിവെക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം നിശ്ചയിച്ചിരിക്കുന്ന അഭിമുഖങ്ങള്‍ തുടരാമെന്നും അറിയിപ്പില്‍ പറയുന്നു.വിദ്യാര്‍ത്ഥി വിസയ്ക്കും വിദേശത്തെ എക്‌സ്‌ചേഞ്ച് പരിപാടികള്‍ക്കുമുള്ള അപേക്ഷകളില്‍ സാമൂഹ്യമാധ്യമങ്ങളിലെ പോസ്റ്റുകളും വിശദമായി വിലയിരുത്താനാണ് മാര്‍ഗനിര്‍ദേശം. വിദേശ വിദ്യാര്‍ഥികള്‍ പലയിടത്തും പ്രോ-പാലസ്തീന്‍ പ്രവര്‍ത്തനങ്ങള്‍ ആന്റിസെമിറ്റിസം പ്രോത്സാഹിപ്പിക്കുന്നതായി ആരോപണമുണ്ട്. ഈ സാഹചര്യത്തിലാണ് ട്രംപ് ഭരണകൂടത്തിന്റെ പുതിയ നടപടി. അമേരിക്കയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുഖ്യ വരുമാന സ്രോതസ്സുകൂടിയാണ് വിദേശ വിദ്യാര്‍ഥികള്‍ നല്‍കുന്ന ഉയര്‍ന്ന ഫീസ്. ട്രംപിന്റെ ഈ നടപടി ഹാര്‍വാര്‍ഡ് അടക്കമുള്ള സര്‍വകലാശാലകളെയാകും പ്രധാനമായി ബാധിക്കുക. അതേസമയം അഭിപ്രായ സ്വാതന്ത്ര്യത്തിനായി എല്ലാകാലവും നില്‍ക്കുന്നുവെന്ന് പറയുന്ന അമേരിക്ക തന്നെ വായ മൂടിക്കെട്ടുന്നത് നല്ല പ്രവണതയല്ലെന്ന വിമര്‍ശനവും ശക്തമാണ്.
 
ഇതിന് മുന്‍പും ആയിരക്കണക്കിന് വിദ്യാര്‍ഥികളുടെ വിസ അവരുടെ രാഷ്ട്രീയം ചൂണ്ടി കാട്ടി ട്രംപ് ഭരണകൂടം റദ്ദാക്കിയിട്ടുണ്ട്. പലപ്പോഴും കോടതികള്‍ ഇടപ്പെട്ടാണ് ഇത് തടഞ്ഞിട്ടുള്ളത്. ഭാവിയില്‍ ഭരണകൂടത്തില്‍ നിന്നും ഇത്തരത്തിലുള്ള നടപടികള്‍ കൂടുമെന്നാണ് പുതിയ തീരുമാനം നല്‍കുന്ന സൂചന. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍