ചൈന വിചാരിച്ചാല്‍ 20 മിനിറ്റിനുള്ളില്‍ അമേരിക്കന്‍ വിമാനവാഹിനികളെ തകര്‍ക്കാന്‍ സാധിക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 16 ഏപ്രില്‍ 2025 (12:45 IST)
ചൈന വിചാരിച്ചാല്‍ 20 മിനിറ്റിനുള്ളില്‍ അമേരിക്കന്‍ വിമാനവാഹിനികളെ തകര്‍ക്കാന്‍ സാധിക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെഥ്. ചൈന വിചാരിച്ചാല്‍ അവരുടെ കൈവശമുള്ള ഹൈപ്പര്‍സോണിക് മിസൈല്‍ ശേഖരം ഉപയോഗിച്ച് 20 മിനിറ്റിനുള്ളില്‍ അമേരിക്കന്‍ വിമാനവാഹിനി കപ്പലുകളെ തകര്‍ക്കാമെന്നും ശബ്ദത്തിന്റെ 5 ഇരട്ടി വേഗത്തില്‍ സഞ്ചരിക്കുന്നവയാണ് ഈ മിസൈലുകളെന്നും അദ്ദേഹം പറഞ്ഞു.
 
അമേരിക്ക, റഷ്യ, ചൈന, ഇന്ത്യ, ഇറാന്‍ എന്നീ രാജ്യങ്ങളാണ് ഈ സാങ്കേതികവിദ്യ കൈവശപ്പെടുത്തിയ രാഷ്ട്രങ്ങള്‍. അമേരിക്കന്‍ സൈന്യത്തിന്റെ നട്ടെല്ല് അവരുടെ നേവിയാണ്. നേവിയുടെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് വിമാനവാഹിനി കപ്പലുകള്‍. തങ്ങളുടെ ശക്തി കാട്ടാന്‍ അമേരിക്ക ഉപയോഗിക്കുന്നത് ഇവയാണ്. ഇവ തകരുന്നത് അമേരിക്കയ്ക്ക് വലിയ തിരിച്ചടിയാകും നല്‍കുന്നത്. ഈയിടെ ഇറാന്‍ ഫത്ത എന്നു പേരുള്ള 1400 കിലോമീറ്റര്‍ വരെ റേഞ്ച് ഉള്ള മിസൈല്‍ അവതരിപ്പിച്ചിരുന്നു.
 
ഇതിന് ശബ്ദത്തിന്റെ പതിനഞ്ചു മടങ്ങ് വേഗത കൈവരിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഹൈപ്പര്‍ സോണിക് മിസൈലുകള്‍ക്ക് ബാലിസ്റ്റിക് മിസൈലുകളെക്കാള്‍ വേഗതയും നിയന്ത്രണക്ഷമതയും ഉണ്ട്. ആധുനിക പ്രതിരോധ സംവിധാനങ്ങള്‍ക്ക് ഒന്നും ഇവയെ തകര്‍ക്കാന്‍ സാധിക്കില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍