ഇറാന്റെ 130 കോടി 40 വര്‍ഷമായി യുഎസ് അക്കൗണ്ടില്‍: പണം പലിശ സഹിതം തിരികെ നല്‍കുമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി; മറ്റ് ദുരിദ്ദേശ്യങ്ങളില്ലെന്ന് ഒബാമ

Webdunia
ചൊവ്വ, 23 ഓഗസ്റ്റ് 2016 (09:53 IST)
35 വര്‍ഷമായി മരവിപ്പിച്ചിരിക്കുന്ന ഇറാന്റെ നിക്ഷേപം തിരിച്ചു നല്‍കാന്‍ യുഎസ് തീരുമാനം. ആയുധ ഇടപാടുമായി ബന്ധപ്പെട്ട് ഇറാന്‍ നിക്ഷേപിച്ച 40 കോടി ഡോളറാണ് തിരിച്ചു നല്‍കുക. ഇതിന് മുന്നോടിയായി 35 വര്‍ഷത്തെ  പലിശയിനത്തില്‍ 130 കോടി ഡോളര്‍ യുഎസ് കൈമാറുമെന്നാണ് റിപ്പോര്‍ട്ട്.
 
വര്‍ഷങ്ങള്‍ നീണ്ട സാമ്പത്തിക ഉപരോധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഹേഗിലെ രാജ്യാന്തര ട്രൈബ്യൂണല്‍ നിര്‍ദേശ പ്രകാരമാണ് നടപടിയെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജോണ്‍ ഏര്‍ണസ്റ്റ് അറിയിച്ചു. അതേസമയം, ഇറാനില്‍ തടവിലുള്ള യുഎസ് പൗരന്മാരെ വിട്ടയക്കാനുള്ള ഉപാധിയുടെ ഭാഗമായാണ് പണം മടക്കി നല്‍കുന്നതെന്ന് ആരോപണമുണ്ട്. എന്നാല്‍, ഇക്കാര്യം പ്രസിഡന്റ് ബറാക് ഒബാമയും വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും നിഷേധിച്ചു. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ജോണ്‍ ഏര്‍ണസ്റ്റ് അറിയിച്ചു.
 
1970ല്‍ മുഹമ്മദ് റാസ ഷാ പഹ് ലവി ഭരണകൂടത്തിന്റെ കാലത്ത് യുദ്ധവിമാന ഇടപാടിന്റെ ഭാഗമായാണ് യുഎസിന് ഇറാന്‍ പണം കൈമാറിയത്. 1979ല്‍ നടന്ന ഇസ് ലാമിക വിപ്ലവത്തെ തുടര്‍ന്ന് ഇറാന്‍ ബന്ധത്തില്‍ വിള്ളല്‍ വീഴുകയും യുദ്ധ വിമാനം കൈമാറേണ്ടെന്ന് യുഎസ് തീരുമാനിക്കുകയും ചെയ്തു. ഇതേതുടര്‍ന്നാണ് പലിശ സഹിതം പണം തിരികെ നല്‍കണമെന്ന് ഇറാന്‍ ആവശ്യം ഉന്നയിച്ചത്.
 
Next Article