ഭീകരവാദത്തെ ഇസ്രായേല്‍ പ്രോത്സാഹിപ്പിക്കുകയാണെന്ന യുഎൻ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ പ്രസ്‌താവനക്കെതിരെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്ത്. മൂണിന്‍റെ അഭിപ്രായം ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നതാണ്. ഐക്യരാഷ്ട്രസഭയുടെ ധാര്‍മ്മികത നഷ്ടപ്പെട്ടു കഴിഞ്ഞു. രാഷ്ട്രംസ്ഥാപിക്കുകയല്ല ഇസ്രായേലിനെ തകര്‍ക്കുകയാണ് ഫലസ്തീന്‍റെ ലക്ഷ്യമെന്നും നെതന്യാഹു ആരോപിച്ചു.
ഫലസ്തീന്‍റെ നിയന്ത്രണത്തിലുള്ള വെസ്റ്റ് ബാങ്കില്‍ 150 വീടുകള്‍ ഇസ്രായേല്‍ നിർമിക്കുമെന്ന നെതന്യാഹുവിന്‍റെ പ്രഖ്യാപനമാണ് മൂണിനെ ചൊടിപ്പിച്ചത്. തുടര്‍ന്നാണ് ഇരുവരും തമ്മില്‍ രൂക്ഷമായ വാക്‌പോര് ഉടലെടുത്തത്.
വീടുകള്‍ നിര്‍മിക്കുമെന്ന ഇസ്രായേലിന്‍റെ തീരുമാനം പ്രകോപനപരമാണ്. വിഷയത്തില്‍ പ്രശ്‌നം വഷളാക്കാനാണ് നെതന്യാഹു ശ്രമിക്കുന്നത്. ഫലസ്തീന്‍ ജനതയെയും അന്താരാഷ്ട്ര സമൂഹത്തെയും ഇസ്രായേൽ അധിക്ഷേപിക്കുകയാണെന്നും മൂണ്‍ ഐക്യരാഷ്ട്രസഭയില്‍ മൂണ്‍ കുറ്റപ്പെടുത്തി.