അമേരിക്കന്‍ തിരെഞ്ഞെടുപ്പിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തിരിച്ചുവരവ് നടത്തിയാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായ ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി വീണ്ടും ചുമതലയേറ്റെടുത്തത്. കുടിയേറ്റ വിരുദ്ധ നിലപാടുകള്‍ മുന്‍പും സ്വീകരിച്ചിട്ടുള്ള ട്രംപിന്റെ വരവിനെ ആശങ്കയോടെയാണ് അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം കണ്ടിരുന്നതും. ഇപ്പോഴിതാ അത് വെറുതെയല്ല എന്ന സൂചനയാണ് ട്രംപ് അധികാരമേറ്റതും നല്‍കുന്നത്.
അമേരിക്കയില്‍ കുടിയേറിയ ഇന്ത്യന്‍ പൗരന്മാരുടെ മക്കള്‍ അമേരിക്കയിലാണ് ജനിക്കുന്നതെങ്കില്‍ സ്വാഭാവികമായി ഈ കുട്ടികള്‍ക്ക് അമേരിക്കന്‍ പൗരത്വം ലഭിക്കാറുണ്ട്. ഇത്തരത്തില്‍ ഇനി പൗരത്വം ലഭിക്കില്ലെന്നാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്. പ്രസിഡന്റായതിന് ശേഷം തന്റെ പ്രഥമ പരിഗണനയുണ്ടാകാന്‍ പോകുന്ന വിഷയം ഈ പൗരത്വം തന്നെയായിരിക്കുമെന്ന് ട്രംപ് വ്യക്തമാക്കി. എന്നാല്‍ ഇതിനായി അമേരിക്കന്‍ ഭരണഘടനയുടെ 14മത്തെ ഭരണഘടന ഭേദഗതിയില്‍ ട്രംപിന് ഇടപെടേണ്ടതായി വരും.
നിലവില്‍ 4.8 ദശലക്ഷം ഇന്ത്യന്‍ വംശജരാണ് അമേരിക്കയിലുള്ളത്. ഇതില്‍ 34% ശതമാനം(16 മില്യണ്‍) അമേരിക്കയില്‍ ജനിച്ചവരാണ്. എക്‌സിക്യൂട്ടീവ് ഉത്തരവ് പാസാകുന്നതോടെ ഇന്ത്യന്‍ പ്രവാസികളെ അത് നേരിട്ട് തന്നെ ബാധിക്കും. നിയമവുമായി മുന്നോട്ട് പോകുന്നതോടെ അമേരിക്കന്‍ ഗ്രീന്‍ കാര്‍ഡ്(സ്ഥിരതാമസക്കാരന്‍) ഉടമയായ ഇന്ത്യന്‍ ദമ്പതികള്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് സ്വയമേവയുള്ള പൗരത്വത്തിന് അര്‍ഹതയുണ്ടാകില്ല. ഇത് അമേരിക്കയില്‍ സ്ഥിരതാമസമാക്കാന്‍ പദ്ധതിയിട്ടിട്ടുള്ള ഇന്ത്യന്‍ വംശജരെ നേരിട്ട് തന്നെ ബാധിക്കും. ഇന്ത്യയില്‍ നിന്നുള്ള തൊഴില്‍ അധിഷ്ഠിത ഗ്രീന്‍ കാര്‍ഡ് ബാക്ക് ലോഗ് 2023 മാര്‍ച്ചില്‍ ഒരു ദശലക്ഷത്തിലധികം കടന്നിരുന്നു. ഗ്രീന്‍ കാര്‍ഡിനായുള്ള കാത്തിരിപ്പ് തന്നെ ഏറെയാണെന്നിരിക്കെ ഗ്രീന്‍ കാര്‍ഡ് കൈവശമുള്ള ദമ്പതികളുടെ മക്കള്‍ക്ക് ലഭിക്കുന്ന സ്വാഭാവിക പൗരത്വം നഷ്ടമാകുന്നത് അമേരിക്കയില്‍ സ്ഥിരതാമസമാക്കാനുള്ള ഇന്ത്യന്‍ വംശജരുടെ പദ്ധതികളെ നേരിട്ട് തന്നെ ബാധിക്കും.