'നിങ്ങളുടെ പ്രൊഫഷണലിസം മികച്ചതായിരുന്നു'; കമലയോടു കുശലം പറഞ്ഞ് ട്രംപ്, ഫോണില്‍ വിളിച്ച് മോദി

രേണുക വേണു

വ്യാഴം, 7 നവം‌ബര്‍ 2024 (08:37 IST)
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ ഡൊണാള്‍ഡ് ട്രംപിനെ അഭിനന്ദിച്ച് ലോക രാഷ്ട്രങ്ങള്‍. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള നേതാക്കള്‍ ട്രംപിനെ ഫോണില്‍ വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചു. തിരഞ്ഞെടുപ്പ് വിജയത്തില്‍ തന്നെ അഭിനന്ദിക്കാന്‍ വിളിച്ച നേതാക്കള്‍ക്കു മറുപടി നല്‍കാനാണ് ട്രംപ് ആദ്യദിവസം ചെലവഴിച്ചത്. 
 
യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, വൈസ് പ്രസിഡന്റും ട്രംപിന്റെ എതിര്‍ സ്ഥാനാര്‍ഥിയുമായിരുന്ന കമല ഹാരിസ് എന്നിവരും ട്രംപിന് അഭിനന്ദനങ്ങള്‍ അറിയിച്ചു. ഫെഡറല്‍ നിയമമനുസരിച്ച് ഭരണകാര്യങ്ങളിലേക്ക് കടക്കുന്നതിനു ആവശ്യമായ രേഖകളില്‍ ഒപ്പിടണമെന്ന് നിലവിലെ പ്രസിഡന്റായ ജോ ബൈഡന്‍ ട്രംപിനോടു ആവശ്യപ്പെട്ടു. കമലയുമായുള്ള ഫോണ്‍ സംഭാഷണത്തില്‍ ട്രംപ് അവരെ അഭിനന്ദിച്ചു. വൈസ് പ്രസിഡന്റ് ആയിരിക്കെ കമല കാണിച്ച പ്രൊഫഷണലിസം മികച്ചതായിരുന്നെന്ന് ട്രംപ് പറഞ്ഞു. 
 
ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ഉക്രൈന്‍ പ്രസിഡന്റ് സെലന്‍സ്‌കി, ഫ്രാന്‍സ് പ്രസിഡന്റ് മാക്രോണ്‍ എന്നിവരും ട്രംപിനെ ഫോണില്‍ വിളിച്ച് അഭിനന്ദനങ്ങള്‍ അറിയിച്ചു. പശ്ചിമ ഏഷ്യയില്‍ സമാധാനം പുനസ്ഥാപിക്കാനും യുദ്ധങ്ങള്‍ അവസാനിപ്പിക്കാനും താന്‍ മുന്‍കൈ എടുക്കുമെന്ന് ട്രംപ് ഉറപ്പ് നല്‍കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍