താന്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിനെയൊന്നും ചര്‍ച്ചയ്ക്ക് വിളിക്കാനില്ലെന്ന് ബ്രസീലിയന്‍ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ. 'ഞാന്‍ ട്രംപിനെ ഒന്നും ചര്‍ച്ച ചെയ്യാന്‍ വിളിക്കില്ല, കാരണം അദ്ദേഹം സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ, കാലാവസ്ഥാ പ്രശ്‌നത്തെക്കുറിച്ച് അദ്ദേഹം എന്താണ് ചിന്തിക്കുന്നതെന്നറിയാന്‍ ആഗ്രഹിക്കുന്നതിനാല്‍, COPയിലേക്ക് വരാന്‍ ട്രംപിനെ ക്ഷണിക്കാന്‍ ഞാന്‍ വിളിക്കും. അദ്ദേഹത്തെ വിളിക്കാനുള്ള മര്യാദ എനിക്കുണ്ടാകും. ഞാന്‍ അദ്ദേഹത്തെ വിളിക്കാം. ഷി ജിന്‍പിംഗിനെയും പ്രധാനമന്ത്രി മോദിയേയും താന്‍ വിളിക്കും. പുടിന് ഇപ്പോള്‍ യാത്ര ചെയ്യാന്‍ കഴിയാത്തതിനാല്‍ ഞാന്‍ പുടിനെ വിളിക്കില്ല. പക്ഷേ ഞാന്‍ പല പ്രസിഡന്റുമാരെയും വിളിക്കും- അദ്ദേഹം പറഞ്ഞു.
ബ്രസീലിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 50 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് ഈ പ്രസ്താവന. കൂടാതെ ജൂലൈ മാസത്തിന്റെ തുടക്കത്തില്‍, വലതുപക്ഷ മുന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോയ്ക്കെതിരായ വിചാരണ ബ്രസീല്‍ അവസാനിപ്പിച്ചില്ലെങ്കില്‍ കനത്ത തീരുവ ചുമത്തുമെന്ന് ട്രംപ് ഒരു കത്തില്‍ ഭീഷണിപ്പെടുത്തി.
പിന്നാലെ താരിഫ് ചര്‍ച്ച ചെയ്യാന്‍ എപ്പോള്‍ വേണമെങ്കിലും വിളിക്കാമെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാഗ്ദാനം ചൊവ്വാഴ്ച പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സില്‍വ നിരസിച്ചു, പകരം ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ) ഉള്‍പ്പെടെ ലഭ്യമായ എല്ലാ വിഭവങ്ങളും തങ്ങളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു.