അമേരിക്കയുമായുള്ള ആണവായുധ ഉടമ്പടിയില്‍ നിന്ന് റഷ്യ പിന്മാറി

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 5 ഓഗസ്റ്റ് 2025 (15:28 IST)
അമേരിക്കയുമായുള്ള ആണവായുധ ഉടമ്പടിയില്‍ നിന്ന് റഷ്യ പിന്മാറി. 1987ലെ ഇന്റര്‍ മീഡിയറ്റ് റെയിഞ്ച് ന്യൂക്ലിയര്‍ ഫോഴ്‌സ് ഉടമ്പടിയില്‍ നിന്നാണ് റഷ്യ പിന്‍മാറിയത്. റഷ്യയ്ക്ക് സമീപം ആണവ അന്തര്‍വാഹിനികള്‍ വിന്യസിക്കാന്‍ അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിട്ടതിന് പിന്നാലെയാണ് റഷ്യയുടെ നടപടി.
 
റഷ്യയുടെ മുന്‍ഗാമിയായിരുന്ന സോവിയറ്റ് യൂണിയനും അമേരിക്കയും തമ്മില്‍ ഒപ്പുവെച്ച ഉടമ്പടിയായിരുന്നു ഇത്. സോവിയറ്റ് കാലഘട്ടത്തിലെ ഉടമ്പടി പാലിക്കാനുള്ള ബാധ്യത തങ്ങള്‍ക്ക് ഇനിയില്ലെന്ന് റഷ്യ അറിയിച്ചു. നേരത്തെ സ്വയം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇനി പാലിക്കില്ലെന്നും റഷ്യയുടെ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
 
അതേസമയം ഇന്ത്യ റഷ്യയെ യുദ്ധത്തിന് സഹായിക്കുന്നുവെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ ഉപദേഷ്ടാവ് സ്റ്റെഫാന്‍ മില്ലര്‍ ആരോപിച്ചു. റഷ്യയില്‍ നിന്ന് ഇന്ത്യ ക്രൂഡോയില്‍ വാങ്ങുന്നതിലൂടെയാണ് യുക്രൈന്‍ യുദ്ധത്തില്‍ റഷ്യയെ സജീവമായി നിലനിര്‍ത്താന്‍ സഹായിക്കുന്നത്. റഷ്യന്‍ ക്രൂഡോയില്‍ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തുമെന്നാണ് ട്രംപ് വിശ്വസിക്കുന്നതെന്നും മില്ലര്‍ പറഞ്ഞു. അമേരിക്കന്‍ വാര്‍ത്ത ചാനല്‍ ഫോക്സ് ന്യൂസിലാണ് മില്ലറിന്റെ പ്രസ്താവന വരുന്നത്.
 
ചൈനയോടൊപ്പം ചേര്‍ന്ന് ഇന്ത്യ റഷ്യയില്‍ നിന്ന് ക്രൂഡോയില്‍ വാങ്ങുന്നു എന്നറിഞ്ഞാല്‍ ആളുകള്‍ ഞെട്ടുമെന്നും അതൊരു അതിശയിപ്പിക്കുന്ന വസ്തുതയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിര്‍ത്തിയെന്ന വാര്‍ത്ത വ്യാജമാണെന്ന് ഇന്ത്യ വ്യക്തമാക്കി. റഷ്യയില്‍ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് നിര്‍ത്തിവച്ചു എന്ന് താന്‍ കേള്‍ക്കുന്നുവെന്നും ഇത് ശരിയാണെങ്കില്‍ അതൊരു നല്ല നടപടിയാണെന്നും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍