കമല ഹാരിസ് അമേരിക്കൻ പൗരയല്ലെന്ന വാദത്തെ പിന്തുണച്ച് ട്രംപ്, വംശീയതയെന്ന് വിമർശനം

വെള്ളി, 14 ഓഗസ്റ്റ് 2020 (12:25 IST)
ഇന്ത്യൻ ജമൈക്കൻ വംശജയായ കമല ഹാരിസിന് അമേരിക്കൻ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നിയമപരമായി മത്സരിക്കാൻ സാധിക്കില്ലെന്ന് വാദത്തെ പിന്തുണച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രം‌പ്. ഈ വാദങ്ങൾ ശരിയാണോയെന്ന് അറിയില്ല. പക്ഷേ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിന്ന മുൻപ് ഡെമോക്രാറ്റുകൾ ഇക്കാര്യം പരിശോധിക്കേണ്ടിയിരുന്നെന്നും ട്രംപ് പറഞ്ഞു.
 
അമേരിക്കന്‍ ഭരണഘടനാ വിദഗ്ധനായ അഭിഭാഷകനാണ് ആദ്യം കമലാ ഹാരിസിന്റെ യോഗ്യത സംബന്ധിച്ച സംശയം ആദ്യം ഉയര്‍ത്തിയത്. ഈ വാദത്തെ പിന്തുണച്ചാണ് ട്രംപ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. മുൻ പ്രസിഡന്റായ ബരാക് ഒബായ്‌ക്കെതിരെയും ട്രംപ് ഇത്തരം ആരോപണം ഉന്നയിച്ചിരുന്നു.
 
 അമേരിക്കയിലോ അതിന്റെ അധികാര പരിധിയിലോ ജനിക്കുന്ന ഏതൊരാളും അമേരിക്കന്‍ പൗരനാകുമെന്നതാണ് പൗരത്വത്തെപ്പറ്റിയുള്ള വ്യവസ്ഥ. എന്നാൽ കമല ഹാരിസ് ജനിക്കുമ്പോൾ മാതാപിതാക്കള്‍ വിദ്യാര്‍ഥി വിസയില്‍ ആയിരുന്നുവെങ്കില്‍ അവര്‍ അമേരിക്കന്‍ ഭരണഘടനയുടെ അധികാര പരിധിക്ക് പുറത്തുള്ളവരാണെന്നാണ് പുതിയ വാദം. ഈ വാദത്തെയാണ് ട്രംപ് അനുകൂലിക്കുന്നത്.
 
അതേസമയം അമേരിക്കയിൽ ജനിക്കുന്ന ഏതൊരാളും അമേരിക്കൻ പൗരനാണെന്നാണ് ഭരണഘടനയുടെ 14-ാമത് ഭേദഗതിയില്‍ ഉള്ളത്. അതിനാൽ 1964ല്‍ കാലിഫോര്‍ണിയയില്‍ ജനിച്ച കമലാ ഹാരീസ് നിയമപരമായി അമേരിക്കന്‍ പൗരയാണ്.  ഇതോടെ പൗരത്വവുമായി ബന്ധപ്പെട്ട ട്രംപിന്റെ പരാമർശം വംശീയമെന്നും ചിലർ വിശേഷിപ്പിക്കുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍