തീവ്രവാദികളെ ബോധവല്‍ക്കരിക്കാന്‍ ബ്രിട്ടണ്‍ തയ്യാറെടുക്കുന്നു!

Webdunia
തിങ്കള്‍, 14 ജൂലൈ 2014 (13:55 IST)
തീവ്രവാദ വിരുദ്ധ പോരാട്ടങ്ങളുടെ മുന്‍‌നിരയില്‍ അമേരിക്കക്കൊപ്പമുള്ള ശക്തിയാണ് ബ്രിട്ടണ്‍, എന്നാല്‍ പാളയത്തില്‍ തന്നെ പടയൊരുക്കം നടന്നാലോ. ഇപ്പോള്‍ അത്തരമൊരു ധര്‍മ്മ സങ്കടത്തിലാണ് പഴയ സൂര്യനസ്തമിക്കാത്ത സാമ്രാജ്യം.
 
മാത്രമല്ല ഈ തീവ്രവാദികള്‍ മൂലം കാല്‍ക്കീഴിലെ കരുത്ത് ചോര്‍ന്നുപോകുന്നൊയെന്നും അവര്‍ക്ക് സംശയമില്ലാതില്ല. തങ്ങളുടെ പൌരന്മാര്‍ പുരോഗമന കാഴ്ച്ചപ്പാടുള്ളവരും മാനവിക മൂല്യങ്ങളെ മാനിക്കുന്നവരുമാണെന്ന് മേനി നടിച്ചിരുന്ന ബ്രിട്ടന്റെ സത്‌പേരിനും തീവ്രവാദം കനത്ത തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്.
 
ഇതിനേയൊക്കെ പ്രതിരോധിക്കാന്‍ എന്താണ് മാര്‍ഗ്ഗം എന്ന് കുലങ്കലുഷമായി ചിന്തിച്ച ബ്രിട്ടീഷ് സര്‍ക്കാരിന് അവസാനം മാര്‍ഗ്ഗം തെളിഞ്ഞുകിട്ടി. മറ്റൊന്നുമല്ല, ബോധവല്‍ക്കരണമാണ് ആയുധങ്ങളേക്കാള്‍ പ്രയോജനം ചെയ്യുക എന്നാണ് അവര്‍ കണ്ടെത്തിയത്.
 
ഇനി ബോധവല്‍ക്കരണമെങ്ങനെയാണെന്നറിയേണ്ടെ... വിദേശ രാജ്യങ്ങളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ബ്രിട്ടീഷ് പൗരന്മാരെ മുഴുവന്‍ ജന്മനാട്ടിലേക്ക് തിരിച്ചുകൊണ്ടുവരുക, എന്നിട്ട് അവര്‍ക്ക് തീവ്രവാദത്തില്‍ നിന്നു മാറാനുള്ള ബൊധവല്‍ക്കരണം നല്‍കി നല്ല കുട്ടികളാക്കി വീട്ടില്‍ കൊണ്ടുവിടുക.
 
എത്രമനോഹരമായ ആശയം അല്ലെ? തീവ്രവാദ വിരുദ്ധ ക്ലാസുകളിലൂടെ മനപരിവര്‍ത്തനം വരുത്തി സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൊണ്ടുവരുന്നതാണ് പദ്ധതി. ജര്‍മനിയില്‍ നടപ്പാക്കിവരുന്ന പദ്ധതിയുടെ തലവന്‍ ഡാനിയേല്‍ കോഹ്‌ലറാകും ബ്രിട്ടനിലും ഇതിന്റെ മേല്‍നോട്ടം വഹിക്കുക. 
 
സിറിയയില്‍ തീവ്രവാദ പ്രവര്‍ത്തനത്തിനു പോയ മുന്നൂറോളം ബ്രിട്ടീഷ് പൗരന്മാര്‍ നാട്ടില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇവരെ എന്തുചെയ്യും എന്നാലോചിച്ച് പൊലീസുകാര്‍ കുഴങ്ങി നിന്നപ്പോളാ‍ണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. സെപ്റ്റംബറോടെ ലണ്ടനില്‍ പദ്ധതി നടപ്പാക്കുകയാണു ലക്ഷ്യം.