5,60,000 വർഷം പഴക്കമുല്ല പല്ല് കണ്ടെടുത്തു

Webdunia
വ്യാഴം, 30 ജൂലൈ 2015 (11:37 IST)
മനുഷ്യന്‍ ഭൂമിയില്‍ ഉടലെടുത്ത നരവംശ ശാസ്ത്രപരമായ തെളിവുകള്‍ പൊളിച്ചടുക്കുന്ന തരത്തില്‍ അഞ്ചുലക്ഷം വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള മനുഷ്യന്റെ പല്ല് ഗവേഷകര്‍ കണ്ടെടുത്തു. തെക്കുപടിഞ്ഞാറൻ ഫ്രാൻസിലെ ചരിത്രപ്രാധാന്യമേറിയ ഒരു ഗുഹയിൽ നടത്തിയ ഖനനത്തിലാണ് നൂറ്റാണ്ടുകൾ പഴക്കമുള്ള പല്ല് കണ്ടെത്തിയത്.

കഴിഞ്ഞ ആഴ്ചയാണ് 40 വിദ്യാർഥികളും ഗവേഷകരും അടങ്ങുന്ന സംഘത്തിന് പല്ല് ലഭിച്ചത്. തുടർന്ന് നടത്തിയ വിശദമായ പരിശോധനയ്ക്ക് ശേഷമാണ് പല്ലിന്റെ പഴക്കം സ്ഥിരീകരിച്ചത്. പല്ലിന്റെ പഴക്കം ഏകദേശം  5,60,000 വർഷമാണെന്ന് സ്ഥിരീകരിച്ചത്. പുരാവസ്തു ഗവേഷണ രംഗത്ത് വലിയ കണ്ടുപിടുത്തമെന്നാണ് ശാസ്ത്രഞ്ജർ ഈ നേട്ടത്തെ വിലയിരുത്തുന്നത്.

പല്ലിനൊപ്പം കുതിരകളും കാളകളും അടക്കമുള്ള മൃഗങ്ങളുടെ എല്ലുകളും പഴയകാലത്ത് ഉപയോഗിച്ചിരുന്ന ആയുധങ്ങളും ഖനനത്തിൽ നിന്നു കണ്ടെടുത്തിട്ടുണ്ട്. ഖനനത്തിലൂടെ കണ്ടെടുത്ത പല്ലിന്റെ സഹായത്താൽ സ്പെയിനിൽ നിന്നും ജർമ്മനിയിൽ നിന്നും കണ്ടെടുത്ത മനുഷ്യഫോസിലുകളിൽ നിന്നും യൂറോപ്യർ എങ്ങിനെയാണ് വ്യത്യസ്തരായിരിക്കുന്നതെന്ന് മനസിലാക്കാൻ സാധിക്കുമെന്ന് ഗവേഷകനായ ടോണി ഷെവലിയർ പറഞ്ഞു.