യുഎൻ ജനറൽ അസംബ്ലിയെ അഭിസംബോധന ചെയ്യണം, ആവശ്യവുമായി താലിബാൻ

ബുധന്‍, 22 സെപ്‌റ്റംബര്‍ 2021 (17:58 IST)
ഐക്യരാഷ്ട്ര സംഘടനയുടെ ജനറല്‍ അസംബ്ലിയില്‍ ലോകനേതാക്കളെ അഭിസംബോധന ചെയ്യാന്‍ അവസരം നൽകണമെന്ന് അഭ്യർത്ഥിച്ച് താലിബാൻ. തിങ്ക‌ളാഴ്‌ച്ച താലിബാൻ വിദേശകാര്യമന്ത്രി അമീര്‍ ഖാന്‍ മുട്ടാഖ്വി യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസിന് ഇക്കാര്യം അഭ്യര്‍ഥിച്ച് കത്ത് നല്‍കി.
 
വിഷയത്തിൽ യുഎൻ കമ്മിറ്റിയാണ് തീരുമാനമെടുക്കുക. ദോഹ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന താലിബാൻ വക്താവായ സുഹൈൻ ഷഹീനാണ് അഫ്‌ഗാനിസ്ഥാന്റെ പുതിയ യു.എന്‍. അംബാസഡർ.യു.എന്നിലെ ഉന്നതതല ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ അനുമതി തേടിയുള്ള താലിബാന്റെ അഭ്യര്‍ഥന ഒന്‍പതംഗ കമ്മിറ്റിയാണ് പരിഗണിക്കുക.
 
അതേസമയം ഈ ജനറൽ അസംബ്ലി അവസാനിക്കുന്ന അടുത്ത തിങ്കളാഴ്‌ച്ചയ്ക്ക് മുൻപേ കമ്മിറ്റി യോഗം ചേരാൻ സാധ്യത കുറവാണ്. അതുവരെ അഫ്ഗാനിസ്ഥാന്റെ യുഎൻ പ്രതിനിധിയായി നിലവിലെ പ്രതിനിധി ഗുലാം ഇസാക്‌സായി തുടരും. ജനറല്‍ അസംബ്ലി സെഷന്‍ അവസാനിക്കുന്ന സെപ്റ്റംബര്‍ 27-ന് ഗുലാം ഇസാക്‌സായി അഭിസംബോധന നടത്തുമെന്നാണ് കരുതുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍