കുഞ്ഞിനെ കൊന്ന ‘രാക്ഷസി‘ അപ്പീലിനു പോയി, കോടതി ശിക്ഷ വര്‍ദ്ധിപ്പിച്ചു

Webdunia
വെള്ളി, 6 ഫെബ്രുവരി 2015 (15:34 IST)
വടികൊടുത്ത് അടിവാങ്ങുക എന്ന് പറഞ്ഞുകേട്ടിട്ടേയുള്ളു. ഈ ചൊല്ല് റഷ്യക്കാര്‍ക്ക് അറിയില്ലെങ്കിലും അലീന ഇപാറ്റോവ എന്ന 19 കാരി അനുഭവിച്ചത് അതായിപ്പോയി. തനിക്ക് ലഭിച്ച പത്ത് വര്‍ഷത്തെ ശിക്ഷയ്ക്കെതിരെ അപ്പീല്‍ പോയ ഇപാറ്റോവയുടെ ശിക്ഷ മേല്‍കോടതി 12.5 വര്‍ഷമായി വര്‍ധിപ്പിച്ചാണ് വിധിപുറപ്പെടുവിച്ചത്. റഷ്യയെ ആകെ ഞെട്ടിച്ച അഞ്ചു മാസം പ്രായമുളള കുഞ്ഞിനെ പട്ടിണിക്കിട്ടു കൊന്ന കേസിലാണ് ഇപറ്റോവയ്ക്ക് വിചാരണക്കോടതി 10 വര്‍ഷത്തെ തടവിന് ശിക്ഷിച്ചത്.  
 
കുഞ്ഞിനെ തന്റെ അപ്പാര്‍ട്ടുമെന്റില്‍ പൂട്ടിയിട്ട ശേഷം രണ്ടാഴ്‌ചക്കാലത്തേക്ക്‌ കറങ്ങാന്‍ പോയ ഇവര്‍ തിരിച്ചെത്തിയപ്പോഴേക്കും കുഞ്ഞ്‌ മരിച്ചിരുന്നു. കഴിഞ്ഞ സെപ്‌തംബറിലാണ്‌ കേസിന്‌ ആസ്‌പദമായ സംഭവം നടന്നത്‌. സംഭവത്തില്‍ കുറ്റം സമ്മതിച്ചതുകാരണമായിരുന്നു പത്തുവര്‍ഷത്തെ തടവിനു മാത്രമാണ് കോടതി വിധിച്ചത്. എന്നാല്‍ ഇപാറ്റോവ വിവേക ശൂന്യയായ അമ്മയാണെന്ന് കോടതി വിമര്‍ശിച്ചിരുന്നു. 
 
ശിക്ഷ അധികമാണെന്നു കാട്ടിയാണ് ഇപാറ്റോവ മേല്‍കോടതിയെ സമീപിച്ചത്. അപ്പീലുമായി സെന്റ്‌ പീറ്റേഴ്‌സബര്‍ഗ്‌ കോടതിയെ സമീപിച്ച ഇവര്‍ക്ക് 30 മാസത്തെ അധിക തടവുകൂടി നല്‍കാനാണ് കോടതി വിധിച്ചത്. വിചാരണക്കോടതി നല്‍കിയ ശിക്ഷ കൂടുതലാണെന്ന് സ്ഥാപിക്കുന്നതിനായി കുറ്റം ഇപാറ്റോവയുടേതല്ല എന്നും അവരെ കുട്ടിയെ പരിപാലിക്കാന്‍ പഠിപ്പിക്കാത്ത മാതാപിതാക്കന്‍മാരുടേതാണ്‌ എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം!  എന്നാല്‍, ഇത്‌ മുഖവിലക്കെടുക്കാതെ കോടതി അവരുടെ ക്രൂരതയ്‌ക്ക് 30 മാസം കൂടി അധിക ശിക്ഷ വിധിക്കുകയായിരുന്നു. 
 
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.