പ്രശസ്ത നടനും സംവിധായകനുമായ റിച്ചാര്‍ഡ് ആറ്റന്‍ബറോ അന്തരിച്ചു

Webdunia
തിങ്കള്‍, 25 ഓഗസ്റ്റ് 2014 (08:54 IST)
പ്രശസ്‌ത ബ്രിട്ടീഷ്‌ നടനും സംവിധായകനും നിര്‍മ്മാതാവുമായ റിച്ചാര്‍ഡ്‌ ആറ്റന്‍ബറോ (90) അന്തരിച്ചു. എട്ട്‌ ഓസ്‌കറുകള്‍ നേടിയ 'ഗാന്ധി' ഉള്‍പ്പെടെ നിരവധി സിനിമകളുടെ സംവിധായകനാണ്‌‌. 2008 ല്‍ വീഴ്‌ചയെ തുടര്‍ന്ന്‌ ആറ്റന്‍ബറോയുടെ ചലനശേഷി നഷ്‌ടപ്പെട്ടിരുന്നു. മകന്‍ മൈക്കല്‍ ആണ്‌ മരണവിവരം മാധ്യമങ്ങളെ അറിയിച്ചത്‌.
 
ഗണ്‍സ്‌ അറ്റ്‌ ബറ്റാസി, ദ ഗ്രേറ്റ്‌ എസ്‌കേപ്‌, സീന്‍സ്‌ ഓണ്‍ എ വെറ്റ്‌ ആഫ്‌റ്റര്‍നൂണ്‍, ജുറാസിക്‌ പാര്‍ക്ക്‌, മിറാക്കിള്‍ ഓണ്‍ 34 സ്‌ട്രീറ്റ്‌ തുടങ്ങിയ സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്‌തു. 60 വര്‍ഷം നീണ്ട അഭിനയ ജീവിതത്തില്‍ 70 ല്‍ അധികം സിനിമകളിലാണ്‌ വേഷമിട്ടത്‌.
 
1969 ല്‍ പുറത്തിറങ്ങിയ, ഒന്നാം ലോകമഹായുദ്ധത്തെ പരിഹസിക്കുന്ന, 'ഓഹ്‌ വാട്ട്‌ എ ലൗലി വാര്‍' ആണ്‌ ആദ്യ സംവിധാന സംരംഭം. എന്നാല്‍ 1982 ല്‍ പുറത്തിറങ്ങിയ 'ഗാന്ധി' എന്ന സിനിമയാണ്‌ അദ്ദേഹത്തെ ലോകപ്രശസ്‌തനാക്കിയത്‌. 20 വര്‍ഷത്തെ കഠിനാധ്വാനത്തിന്റെ ഫലമായിരുന്നു 'ഗാന്ധി'. ഗാന്ധിയെ കുറിച്ചുളള സിനിമ എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാനായി ആറ്റന്‍ബറോ നാല്‍പ്പതോളം വേഷങ്ങള്‍ വേണ്ടെന്നുവച്ചിരുന്നു.
 
ബ്രിട്ടീഷ്‌ സിനിമാ വ്യവസായത്തിന്റെ നെടുംതൂണുകളില്‍ ഒന്നായാണ്‌ ആറ്റന്‍ബറോയെ വിശേഷിപ്പിച്ചിരുന്നത്‌. രണ്ടാം ലോകമഹായുദ്ധത്തില്‍ സേവനമനുഷ്‌ഠിച്ചിട്ടുളള ആറ്റന്‍ബറോ 1947 ല്‍ പുറത്തിറങ്ങിയ 'ബ്രൈറ്റന്‍ റോക്കി'ലെ പിങ്കി ബ്രൗണ്‍ എന്ന മനോരോഗിയായ ചെറുപ്പക്കാരന്റെ വേഷം അദ്ദേഹത്തെ ശ്രദ്ധേയനാക്കി.