വിവാഹമോചനം നേടി പുനര്‍വിവാഹിതരാകുന്നവരെ സ്വാഗതം ചെയ്യണമെന്ന് മാര്‍പാപ്പ

Webdunia
വ്യാഴം, 6 ഓഗസ്റ്റ് 2015 (11:34 IST)
വിവാഹമോചനം നേടിയതിനു ശേഷം പുനര്‍വിവാഹിതരാകുന്നവരെ കത്തോലിക്കരെ സഭാംഗങ്ങള്‍ സ്വാഗതം ചെയ്യണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സഭയില്‍ നിന്ന് പുറത്താക്കിയവരായി ഇവരെ കാണരുതെന്നും പോപ് പറഞ്ഞു.
 
വിശ്വാസികള്‍ക്കുള്ള പ്രതിവാര പ്രഭാഷണത്തിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ നിലപാട് വ്യക്തമാക്കിയത്. വിവാഹബന്ധം തകര്‍ന്ന് പുനര്‍വിവാഹം ചെയ്യുന്നവരെ സ്വീകരിക്കാന്‍ വിശ്വാസികള്‍ തയ്യാറാകണം. പുനര്‍വിവാഹിതരാകുന്നവര്‍ സഭയുടെ ഭാഗമാണെന്നും ഇവര്‍ പള്ളിയില്‍ നിന്ന് പുറത്താക്കപ്പെട്ടവരല്ലെന്നും മാര്‍പാപ്പ വ്യക്തമാക്കി.
 
കഴിഞ്ഞവര്‍ഷം ഒക്‌ടോബറില്‍ വിളിച്ചു ചേര്‍ത്ത സിനഡില്‍ കുടുംബത്തെക്കുറിച്ച് ബിഷപ്പുമാരുടെ അഭിപ്രായം ചോദിച്ചിരുന്നു. വ്യത്യസ്തമായ അഭിപ്രായമായിരുന്നു അന്ന് ഉയര്‍ന്നു വന്നത്. ബിഷപ്പുമാരുടെയിടയിലെ വ്യത്യസ്ത അഭിപ്രായത്തെ തുടര്‍ന്ന് ലോകം മുഴുവനുമുള്ള കത്തോലിക്കരുടെ ഇടയില്‍ സര്‍വ്വേ നടത്താന്‍ നിര്‍ദ്ദേശം നല്കിയിരുന്നു.
 
ആദ്യവിവാഹത്തില്‍ നിന്ന് മോചനം നേടിയതിനു ശേഷം പുനര്‍വിവാഹിതരാകുന്നവര്‍ പാപം ചെയ്യുകയാണെന്നും അവര്‍ക്ക് കുര്‍ബാനയില്‍ പങ്കെടുക്കാന്‍ അര്‍ഹതയില്ലെന്നുമുള്ള പരമ്പരാഗത കാഴ്ചപ്പാടിനെയാണ് മാര്‍പാപ്പയുടെ പ്രഖ്യാപനം മാറ്റിമറിക്കുക.