Pope Francis: ഫ്രാന്‍സിസ് പാപ്പയ്ക്ക് ഡബിള്‍ ന്യുമോണിയ; അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍

രേണുക വേണു
ശനി, 22 ഫെബ്രുവരി 2025 (08:08 IST)
Pope Francis: ആഗോള കത്തോലിക്കാ സഭ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. മാര്‍പാപ്പ അപകടനില തരണം ചെയ്തിട്ടില്ലെന്നും ചികിത്സ തുടരുകയാണെന്നും അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു. റോമിലെ ജെമെല്ലി ആശുപത്രിയിലാണ് പോപ്പ് ഫ്രാന്‍സിസ് ചികിത്സയില്‍ തുടരുന്നത്. 
 
ഡബിള്‍ ന്യുമോണിയ ബാധിച്ചതാണ് മാര്‍പാപ്പയുടെ ആരോഗ്യനില വഷളാക്കിയത്. ന്യുമോണിയ രണ്ട് കരളിനെയും ബാധിച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്ന് കൃത്യമായി ശ്വാസോച്ഛാസം നടത്താന്‍ പറ്റാത്ത അവസ്ഥയിലാണ്. രണ്ട് കരളുകളിലും അണുബാധ തീവ്രമായിട്ടുണ്ട്. 
 
' അദ്ദേഹം അപകടനില തരണം ചെയ്‌തോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നാണ് ഉത്തരം. അതേസമയം ജീവനു ഭീഷണിയാകുന്ന അവസ്ഥയിലാണോ എന്നു ചോദിച്ചാല്‍ അതിനും ഇല്ല എന്നു മറുപടി പറയേണ്ടിവരും,' മാര്‍പാപ്പയെ ചികിത്സിക്കുന്ന ഡോ.സെര്‍ജിയോ ആല്‍ഫിറി പറഞ്ഞു. അണുബാധ രക്തക്കുഴലിലേക്ക് പടര്‍ന്നാല്‍ നിലവിലെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാകാനാണ് സാധ്യതയെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. 
 
88 കാരനായ ഫ്രാന്‍സിസ് മാര്‍പാപ്പയെ ഫെബ്രുവരി 14 നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ കുറേ നാളുകളായി അദ്ദേഹത്തിനു ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകള്‍ ഉണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article