തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ അമേരിക്ക 21 മില്യണ്‍ ഡോളര്‍ നല്‍കിയത് ഇന്ത്യക്കല്ലെന്നും അത് ബംഗ്ലാദേശിനാണെന്നും റിപ്പോര്‍ട്ട്. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇത് സംബന്ധിച്ച രേഖകള്‍ പുറത്തുവിട്ടത്. ഇന്ത്യയിലേക്കുള്ള ഫണ്ട് റദ്ദാക്കാനുള്ള ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി നീക്കത്തില്‍ വിശദീകരണവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.
ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കാന്‍ അമേരിക്ക 21 മില്യണ്‍ ഡോളര്‍ ചെലവാക്കേണ്ടതുണ്ടെന്ന് താന്‍ കരുതുന്നില്ല. മറ്റാരോ തെരഞ്ഞെടുക്കപ്പെടുന്നതിനുവേണ്ടി ബൈഡന്‍ ഭരണകൂടം ശ്രമം നടത്തിയെന്നാണ് തോന്നുന്നത്. ഇക്കാര്യം ഇന്ത്യ ഗവണ്‍മെന്റിന്റെ ശ്രദ്ധയില്‍ പെടുത്തേണ്ടതുണ്ടെന്നും മയാമിയില്‍ നടന്ന പരിപാടിയില്‍ ട്രംപ് പറഞ്ഞു.
2014ല്‍ സംഘടിപ്പിക്കപ്പെട്ട ബംഗ്ലാദേശിലെ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി അമേരിക്ക 13.4 മില്യണ്‍ ഡോളര്‍ ചെലവാക്കിയിരുന്നു. ബംഗ്ലാദേശില്‍ 2024 ആഗസ്റ്റ് മാസത്തില്‍ വിദ്യാര്‍ത്ഥി സമരത്തെ തുടര്‍ന്ന് സര്‍ക്കാര്‍ അട്ടിമറിക്കപ്പെട്ടിരുന്നു. അമേരിക്കയുടെ സഹായം ലഭിച്ചതായി ബംഗ്ലാദേശ് ഔദ്യോഗിവൃത്തങ്ങള്‍ നേരത്തെ തന്നെ സമ്മതിച്ചിട്ടുണ്ട്.