പെട്രീഷ്യ മെക്സിക്കൻ തീരത്ത് ആഞ്ഞടിക്കുന്നു; നാശനഷ്‌ടങ്ങള്‍ റിപ്പോര്‍ട്ടു ചെയ്‌തിട്ടില്ല, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Webdunia
ശനി, 24 ഒക്‌ടോബര്‍ 2015 (08:19 IST)
ശക്തിയേറിയ കൊടുങ്കാറ്റായ പെട്രീഷ്യ അമേരിക്കന്‍ വന്‍കരയില്‍ എത്തി. 330 കിലോമീറ്റര്‍ വേഗത്തില്‍ എത്തുന്ന പെട്രീഷ്യ മെക്സിക്കോയുടെ പടിഞ്ഞാറന്‍ തീരത്തേക്ക് ആഞ്ഞടിക്കുകയാണ്. ഇതേ തുടര്‍ന്ന് പെട്രീഷ്യയുടെ പാതയിലുള്ള മൂന്ന് സംസ്ഥാനങ്ങളായ ജലിസ്കോ, കൊലിമ, ഗരീരോ എന്നിവടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നിലവില്‍ നാശനഷ്‌ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ടു ചെയ്‌തിട്ടില്ല.

മണിക്കൂറില്‍ 330 കിലോമീറ്റര്‍ വേഗത്തില്‍ എത്തുന്ന പെട്രീഷ്യ കരയിലേക്ക് അടുക്കുബോള്‍ 400 കിലോമീറ്ററിന് മുകളില്‍ എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. രണ്ടര ലക്ഷത്തോളം പേരെയാണ് മാറ്റി പാര്‍പ്പിച്ചത്. ബാക്കിയുളളവരോട് വീടിന് പുറത്തേക്ക് ഇറങ്ങരുതെന്ന് നിര്‍ദേശവും നല്‍കി. മിക്ക വിമാനത്താവളങ്ങളും അടച്ചിട്ടു.
വിദേശ വിനോദ സഞ്ചാരികളോട് രാജ്യം വിടാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബസ് സ്റ്റേഷനുകളിലും വിമാനത്താവളങ്ങളിലും വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.

മെക്സിക്കോ കടന്ന് അമേരിക്കയുടെ ടെക്സസ് സംസ്ഥാനത്തും പെട്രീഷ്യ നാശംവിതയ്ക്കുമെന്നാണു പ്രവചനം. കാറ്റിനൊപ്പം ശക്തമായ മഴയും വെള്ളപ്പൊക്കവും ഉണ്ടാകുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്. തീരനഗരങ്ങളിലും ചുഴലിക്കാറ്റിന്റെ പാതയിലും നിന്ന് ആള്‍ക്കാരെ ഒഴിപ്പിച്ചു. അടിയന്തര സാഹചര്യം നേരിടാന്‍ തയ്യാറായതായി മെക്സിക്കന്‍ അധികൃതര്‍ അറിയിച്ചു. വടക്കന്‍ പസഫിക്കില്‍ ഇത്ര ശക്തമായ ചുഴലിക്കാറ്റ് സമീപകാലത്ത് ഉണ്ടായിട്ടില്ല.  2005-ലെ കത്രീന, 1992-ലെ ആന്‍ഡ്രൂ എന്നീ ചുഴലിക്കൊടുക്കാറ്റുകളേക്കാള്‍ കരുത്തുറ്റതാണ് പെട്രീഷ്യ.