സ്ഫോടനം, വെടിവയ്പ്പ്... പാരീസ് കത്തുന്നു

Webdunia
വ്യാഴം, 8 ജനുവരി 2015 (14:12 IST)
ഫ്രാന്‍സിലെ പ്രമുഖ ആക്ഷേപ ഹാസ്യ വാരികയായ ചാര്‍ലി ഹെബ്ദോയുടെ ഓഫീസിനു നേര്‍ക്കുണ്ടായ ഭീകരാക്രമണത്തിന്റെ ഞെട്ടലില്‍ നിന്ന് ഫ്രാന്‍സ് മുക്തമാകുന്നതിനു പിന്നാലെ പാരീസില്‍ വീണ്ടും വെടിവയ്പ്പ്. പൊലീസുകാര്‍ക്ക് നേരെ അജ്ഞാതരായ അക്രമികള്‍ വെടിവയ്ക്കുകയായിരുന്നു. സംഭവത്തില്‍ ഒരു പൊലീസുകാരന് പരിക്കേറ്റിട്ടുണ്ട്. പൊലീസിനു നേരെ വെടിവച്ചതിനു ശേഷം അക്രമികള്‍ മെട്രോ ട്രയിനില്‍ കയറി രക്ഷപ്പെടുകയായിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് 52 കാരന്‍ പിടിയിലായതായി റിപ്പോര്‍ട്ടുകളുണ്ട്.

പാരീസിന്റെ ദക്ഷിണഭാഗത്തുള്ള മൊറൂഷിലാണ്  ഇപ്പൊഴത്തെ സംഭവം നടന്നത്.  സംഭവം നടന്നത്. പരിക്കേറ്റത് ഒരു വനിതാ പൊലീസുദ്യോഗസ്ഥയ്ക്കാണെന്നാണ് വിവരം. അതിനു പിന്നാലെ ഫ്രാന്‍സില്‍ ഒരു റസ്റ്റൊറന്റില്‍ സ്ഫോടനം നടന്നതായും വാര്‍ത്തകള്‍ പുറത്തുവന്നു. ഇതില്‍ എത്ര പേര്‍ക്ക് പരിക്കേറ്റു, തുടങ്ങിയ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടില്ല. ലയോണിലെ മുസ്ലീം പള്ളിക്കു സമീപമുള്ള റസ്റ്റൊറന്റിനു വെളിയിലാണ് സ്ഫോടനം നടന്നിരിക്കുന്നത്. തുടര്‍ച്ചയായ ഭീകരാക്രമണങ്ങളാണ് ഇപ്പോള്‍ ഫ്രാന്‍സില്‍ നടക്കുന്നത്. ഇതോടെ ഫ്രാന്‍സിലെ സുരക്ഷാ സംവിധാനത്തിലെ പാളിച്ചകളാണ് പുറത്തായത്.
 
ചാര്‍ലി ഹെബ്ദോയുടെ ഓഫീസിനു നേരെ ഇന്നലെ വൈകിട്ട് നടന്ന ആക്രമണത്തില്‍ 12 പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പൊലീസ് തിരയുന്ന മൂന്നുപേരില്‍ ഒരാള്‍ കീഴടങ്ങിയിരുന്നു. ഹാമിദ് മുറാദ് എന്ന 18 വയസുകാരനാണ് കീഴങ്ങിയത്. രണ്ട് സഹോദരങ്ങളടക്കം മൂന്നുപേരാണ് അക്രമിസംഘത്തിലുണ്ടായിരുന്നതെന്ന് തിരിച്ചറിഞ്ഞിരുന്നു.  
 
പാരീസ് സ്വദേശികളായ ഷെരീഫ് കൊവാച്ചിയെന്ന മുപ്പത്തിരണ്ടുകാരനും സഹോദരന്‍ സയിദ് കൊവാച്ചിയേയും പൊലീസ് തിരഞ്ഞുവരികയാണ്. ഇവരുടെ ചിത്രങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടുണ്ട്. ഇവര്‍ മൂന്നുപേരും നടത്തിയ ആക്രമണത്തിന്റ്രെ പശ്ചാത്തലത്തില്‍ ഫ്രാന്‍സില്‍ അതീവ സുരക്ഷ പ്രഖ്യാപിച്ചിരിക്കുകയായിരുന്നു. അതിനിടേയാണ് വീണ്ടും വെടിവയ്പ്പുണ്ടായിരിക്കുന്നത്. ചാര്‍ലി ഹെബ്ദോയുടെ ഓഫീസിലേക്കു നടന്ന ആക്രമണത്തിന്റെ തുടര്‍ച്ചയാണൊ ഇതെന്ന് പാരീസ് പൊലീസ് അന്വേഷിച്ചുവരികയാണ്. 
 
അതേ സമയം കീഴടങ്ങിയ ഹാമിദ് മുറാദിന്റെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടില്ല എന്നാണ് വിവരം. ഇയാളെ ഇപ്പോഴും ചോദ്യം ചെയ്തു വരികയാണ്. മാധ്യമ സ്ഥപനത്തിനു നേര്‍ക്കുണ്ടായ അക്രമത്തില്‍ ഫ്രാന്‍സില്‍ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങളും നടന്നു.


മലയാളം  വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.