പാര്‍ട്ടിക്കിടെ ജോലിസ്ഥലത്തു നിന്ന് ഫോണ്‍കോള്‍, ‘അടിയന്തിരമായി ജോലിക്കെത്തണം’; എന്നാല്‍ ഇനിമുതല്‍ ഇത്തരം ആവശ്യങ്ങളോട് ധൈര്യമായി ‘നോ’ പറയാം; നിയമം എത്തുകയാണ്
സുഹൃത്തിന്റെ ബേര്‍ത്ത്‌ഡേ പാര്‍ട്ടി അടിപൊളിയായി ‘എന്‍ജോയ്’ ചെയ്യുമ്പോള്‍ ആയിരിക്കും അപ്രതീക്ഷിതമായി മേലുദ്യോഗസ്ഥന്റെ കോള്‍ എത്തുക. പെട്ടെന്നു തന്നെ തീര്‍ക്കേണ്ട ഒരു ജോലിയുണ്ട്, എത്രയും പെട്ടെന്ന് ജോലിയില്‍ പ്രവേശിക്കണം. അത്രയും സമയം ഉണ്ടായ സന്തോഷങ്ങള്‍ എല്ലാം ആ ഒരുനിമിഷം തല്ലിക്കെടുത്തി കളയും. എന്നാല്‍, ഇനി അത്തരമൊരു ആവശ്യം ഓഫീസില്‍ നിന്നുണ്ടായാല്‍ ധൈര്യമായി ‘നോ’ പറയാം. അതിനുള്ള നിയമം ഉടന്‍ എത്തുകയാണ്, എന്നാല്‍, അത് ഇവിടെയല്ല, സ്വാതന്ത്ര്യത്തിന്റെ നഗരമായ ഫ്രാന്‍സില്‍.
സംഭവം സോ സിമ്പിളാണ്. ഒരാള്‍ ജോലിസ്ഥലത്ത് ഇല്ലാതിരിക്കുന്ന സമയത്ത് അല്ലെങ്കില്‍ അയാള്‍ അവധിയില്‍ ആയിരിക്കുന്ന സമയത്ത് ജോലി ചെയ്യാന്‍ ആവശ്യപ്പെട്ട് ഫോണ്‍കോളുകളോ മെയിലുകളോ അയയ്ക്കാന്‍ പാടില്ല. പുത്തന്‍ കമ്പനികളുടെ ഇത്തരം ജോലിനയങ്ങളെ നിയമവിരുദ്ധമാക്കാന്‍ ഒരുങ്ങുകയാണ് ഫ്രഞ്ച് സര്‍ക്കാര്‍.
നിലവിലെ രാജ്യത്തെ തൊഴിലാളികള്‍ക്ക് ഒരു വര്‍ഷത്തില്‍ 30 ദിവസത്തെ അവധിയും ശമ്പളം മുഴുവനായും നല്കി 16 ആഴ്ച അവധിയും നല്കുന്നുണ്ട്. എന്നാല്‍, ഒരാള്‍ ജോലിസമയത്ത് അല്ലാതിരിക്കുമ്പോള്‍ അയാളെ വിളിച്ചു ശല്യപ്പെടുത്തരുതെന്ന നിയമം കൂടി വരുന്നതോടെ ഫ്രാന്‍സ് കൂടുതല്‍ ജനപ്രിയമാകുകയാണ്. അമ്പതോ അതില്‍ കൂടുതലോ തൊഴിലാളികള്‍ ഉള്ള കമ്പനികള്‍ക്ക് ഈ നിയമം ബാധകമാകും. ഇത് അനുസരിച്ച് സാധാരണ ജോലി സമയത്തിനു ശേഷം തൊഴിലാളികളെ ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കാന്‍ പാടില്ല.
തുടര്‍ച്ചയായി നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ഭേദഗതി വരുത്തുന്നത്. ജോലി സ്ഥലത്തു നിന്ന് തൊഴിലാളികള്‍ക്ക് അകന്നിരിക്കാന്‍ കഴിയുന്നില്ലെന്ന് പഠനത്തില്‍ കണ്ടെത്തിയിരുന്നു. ജോലിസ്ഥലത്ത് അല്ലാതിരിക്കുന്ന സമയത്ത് ഫ്രഞ്ച് ജനതയ്ക്ക് സന്തോഷത്തോടെ ജീവിക്കാന്‍ കഴിയണം എന്നാണ് പുതിയ നിയമത്തിലൂടെ ലക്‌ഷ്യം വെയ്ക്കുന്നത്.
‘ജോലിസംബന്ധമായ സമ്മര്‍ദ്ദം പഴയതിനേക്കാള്‍ പുതിയ കാലത്ത് തൊഴിലാളികള്‍ക്ക് കൂടുതലാണ്. ശാരീരികമായി ജോലിസമയം കഴിഞ്ഞ് തൊഴിലാളികള്‍ ഓഫീസ് വിടുന്നുണ്ടെങ്കിലും അവര്‍ക്ക് പലപ്പോഴും ജോലി വിടാന്‍ സാധിക്കുന്നില്ല. ടെക്സ്റ്റ് മെസേജ് ആയും ഇമെയിലുകളായും അവരെ ജോലി പിന്തുടര്‍ന്നു കൊണ്ടേയിരിക്കുകയാണ്. പട്ടി തുടലില്‍ കുടുങ്ങിക്കിടക്കുന്നതു പോലെയാണ് തൊഴിലാളികളുടെ അവസ്ഥ. ജോലിസ്ഥലത്തു നിന്നുള്ള മെയിലുകളും മെസേജുകളും അവരുടെ കഴുത്തില്‍ തുടലായി കിടക്കുകയാണ്.’ ഫ്രഞ്ച് ദേശീയ അസംബ്ലിയില്‍ ബെനീത് ഹാമന്‍ പറഞ്ഞു.
പുതിയ നിയമം അനുസരിച്ച് ജോലി ഒരിക്കലും തൊഴിലാളിയുടെ വ്യക്തിജീവിതത്തിലേക്ക് കടന്നുകയറരുത്. ഭേദഗതി ലംഘിച്ചാല്‍ തൊഴിലുടമകള്‍ക്ക് നേരെ ശിക്ഷാനടപടികള്‍ ഒന്നും ഉണ്ടാകില്ല. പക്ഷേ, പുതിയ നിയമം പിന്തുടരണമെന്നാണ് സര്‍ക്കാരിന്റെ നയം.