Israel vs Lebanon: 'അത് ചെയ്തത് ഞങ്ങള്‍ തന്നെ'; ലെബനനിലെ പേജര്‍ ആക്രമണത്തിനു പിന്നില്‍ ഇസ്രയേല്‍ തന്നെയെന്ന് നെതന്യാഹു

രേണുക വേണു
തിങ്കള്‍, 11 നവം‌ബര്‍ 2024 (10:53 IST)
Netanyahu / Israel
Israel vs Lebanon: ലെബനന്‍ അതിര്‍ത്തിയില്‍ ഹിസ്ബുള്ള പേജറുകള്‍ പൊട്ടിത്തെറിച്ചുണ്ടായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്രയേല്‍. ലെബനനിലെ സെപ്റ്റംബര്‍ ആക്രമണത്തിനു പിന്നില്‍ തങ്ങള്‍ തന്നെയാണെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. പേജര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആദ്യമായാണ് ഇസ്രയേല്‍ അംഗീകരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറില്‍ നടന്ന പേജര്‍ ആക്രമണത്തില്‍ നാല്‍പ്പതോളം ഹിസ്ബുള്ള അംഗങ്ങള്‍ കൊല്ലപ്പെടുകയും 3000 ത്തില്‍ ഏറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. 
 
ആക്രമണത്തിനു പിന്നില്‍ ഇസ്രയേല്‍ ആണെന്ന് ഹിസ്ബുള്ള നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍ രണ്ട് മാസങ്ങള്‍ക്കു മുന്‍പ് നടന്ന ആക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കുണ്ടെന്ന് ഇസ്രയേല്‍ സമ്മതിക്കുന്നത് ഇതാദ്യമായാണ്. പേജര്‍ ആക്രമണത്തിനു താന്‍ ആണ് പച്ചക്കൊടി കാണിച്ചതെന്ന് നെതന്യാഹു സമ്മതിച്ചതായി നെതന്യാഹുവിന്റെ ഔദ്യോഗിക വക്താവ് ഒമര്‍ ദോസ്ത്രിയെ ഉദ്ധരിച്ച് എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇസ്രയേല്‍ സൈന്യം ബെയ്‌റൂട്ടില്‍ കൃത്യമായ ആക്രമണം നടത്തി, ഹിസ്ബുള്ള തലവന്‍ ഹസന്‍ നസ്‌റുല്ലയെ വധിച്ചത് തന്റെ നിര്‍ദേശ പ്രകാരമാണെന്നും ഞായറാഴ്ച കാബിനറ്റ് യോഗത്തില്‍ നെതന്യാഹു വ്യക്തമാക്കി. 
 
ലെബനനിലെ സായുധസംഘമായ ഹിസ്ബുള്ള ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്ന പേജറുകളാണ് ഒരേസമയം രാജ്യത്തുടനീളമായി വിവിധയിടങ്ങളില്‍ വെച്ച് പൊട്ടിത്തെറിച്ചത്. അരമണിക്കൂറിനിടെ ആയിരക്കണക്കിനു പേജറുകളാണ് പൊട്ടിത്തെറിച്ചത്. ഹിസ്ബുള്ള അംഗങ്ങള്‍ക്കായി അടുത്തിടെ ഓര്‍ഡര്‍ ചെയ്തു വാങ്ങിയ പുതിയ ബാച്ച് പേജറുകളിലാണ് പൊട്ടിത്തെറി ഉണ്ടായത്. ഏകദേശം 5,000 പുതിയ പേജറുകളാണ് ഹിസ്ബുള്ള അംഗങ്ങള്‍ക്കായി ഈയിടെ വാങ്ങിയത്. ഈ പേജറുകളില്‍ പൊട്ടിത്തെറിക്ക് കാരണമായ ഒരു ചിപ്പ് ഘടിപ്പിക്കുകയാണ് ഇസ്രയേല്‍ ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അനുബന്ധ വാര്‍ത്തകള്‍

Next Article