പാക്കിസ്ഥാനിലെ ജയിലിൽ കഴിയുന്ന ഇന്ത്യൻ നാവികൻ കുൽഭൂഷൺ ജാദവിനെ ഭാര്യയും അമ്മയും സന്ദർശിച്ചു. കനത്ത സുരക്ഷയിലായിരുന്നു കൂടിക്കാഴ്ച. പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ഓഫിസിലായിരുന്നു കൂടിക്കാഴ്ച. 30 മിനിറ്റോളം കൂടിക്കാഴ്ച നീണ്ടു.
2016 മാർച്ചിൽ ആയിരുന്നു കുൽഭൂഷണെ തടലിലാക്കുന്നത്. 2 മാസത്തിനു ശേഷമാണ് ഭാര്യ ചേതനയും അമ്മ അവന്തിയും കുൽഭൂഷണെ കണ്ടത്. സന്ദര്‍ശനത്തിന് മുന്നോടിയായി മേഖലയിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത് . ആക്രമണമുണ്ടായാൽ നേരിടുന്നതിന് ഓഫിസിനു ചുറ്റും പൊലീസിനേയും ഏർപ്പെടുത്തിയിരുന്നു.
ഉച്ചയോടെയാണ് കുൽഭൂഷൺ ജാദവിന്റെ ഭാര്യയും അമ്മയും ദുബായ് വഴി പാക്കിസ്ഥാനിലെത്തിയത്. കുൽഭൂഷൺ ജാദവിന്റെ കുടുംബം മാധ്യമങ്ങളെ കാണില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ ഏപ്രിലിലാണ് കൽഭൂഷണെ വധശിക്ഷയ്ക്ക് വിധിച്ചത്. വധശിക്ഷയ്ക്കെതിരെ രാജ്യാന്തര നീതിന്യായ കോടതിയിൽ ഇന്ത്യ നൽകിയ അപ്പീൽ പരിഗണനയിലാണ്.
മനുഷ്യത്വത്തിന്റെ പേരില്‍ മാത്രമാണ് കൂടിക്കാഴ്ച അനുവദിച്ചതെന്ന് പാക്ക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ അറിയിച്ചു. കൂടിക്കാഴ്ചയ്ക്ക് ശേഷം ഇന്നുതന്നെ ഇരുവരും ഇന്ത്യയിലേക്ക് മടങ്ങും.