മിഷേൽ ഒബാമക്കു നേരെ ഫേസ്ബുക്കിലൂടെ വംശീയാധിക്ഷേപം നടത്തിയ വെസ്റ്റ് വെർജീനിയയിലെ ക്ലേ കൗണ്ടി മേയർ ബെവർലി വേലിങ്ങ് രാജിവെച്ചു. മിഷേല്‍ ഒബാമയില്‍ നിന്ന് മെലാനിയ ട്രംപിലേക്കുള്ള വൈറ്റ് ഹൗസ് മാറ്റത്തെ കുറിച്ച് പ്രതികരിക്കവെ മിഷേൽ ഒബാമയെ മനുഷ്യക്കുരങ്ങുമായി വെർജീനിയ ഡവലപ്മെന്‍റ് കോർപ്പറേറ്റ് ഡയറക്ടർ പമേല ടെയ്ലർ താരതമ്യപ്പെടുത്തിയിരുന്നു. ഇത് വന്‍ വിവാദമായതിനെ തുടര്‍ന്നാണ് മേയർ ബെവർലി വേലിങ്ങ് രാജിവെച്ചത്.
സുന്ദരിയും കുലീനയും ആരാധ്യയുമായൊരു പ്രഥമ വനിത വൈറ്റ് ഹൗസിലേക്ക് തിരിച്ചെത്തുന്നുവെന്നത് വളരെ ഉന്മേഷം നല്‍കുന്നൊരു മാറ്റമാണ്. ഹീല്‍സില്‍ ഒരു വാലില്ലാ കുരങ്ങിനെ കണ്ട് ഞാന്‍ മടുത്തു എന്നാണ് പമീല ഫേസ്‌ബുക്കില്‍ പോസ്‌റ്റിട്ടത്. പിന്നാലെ പോസ്റ്റിനെ അനുകൂലിച്ച് ക്ളേ കൗണ്ടി മേയർ ബെവർലി വേലിങ് കുറിപ്പിട്ടത് വിവാദം ആളിക്കത്താനിടയാക്കി.
ഇതോടെ ഇരുവര്‍ക്കുമെതിരെ ഒരു വിഭാഗമാളുകള്‍ രംഗത്തെത്തുകയും ചെയ്‌തു. വംശീയ അധിക്ഷേപം നടത്തിയ രണ്ട് വനിതകളേയും തൽസ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യം സോഷ്യൽ മീഡിയയിൽ ശക്തമായിരുന്നു. എന്നാല്‍ പോസ്റ്റ് രണ്ടുപേരും ഡിലീറ്റ് ചെയ്യുകയും ഫോണുകള്‍ ഓഫ് ചെയ്യുകയും ചെയ്‌തു. ഇവരുടെ അക്കൗണ്ടുകൾ അപ്രത്യക്ഷമായ അവസ്ഥയിലുമായിരുന്നു.