ചരിത്രങ്ങള്‍ക്ക് പല കഥകള്‍ പറയാനുണ്ട്, തിരുത്തലുകളുടെയും കൂട്ടിച്ചേര്‍ക്കലിന്റെയും കലവറയാണ് കടന്നു പോയ കാലങ്ങള്‍. അസാധ്യമായി ഒന്നുമില്ലെന്ന തത്വത്തില്‍ ഉറച്ചുനിന്ന് ലോകത്തെ വിറപ്പിച്ച നെപ്പോളിയന്‍ ബോണപ്പാര്‍ട്ട് മുതല്‍ ഹിറ്റ്‌ലര്‍വരെ ചരിത്രത്തില്‍ വെട്ടലും തിരുത്തലും വരുത്തി. അത്തരമൊരു കീറിമുറിക്കലാണ് ഫെബ്രുവരിക്ക് 29 എന്ന ദിവസം സമ്മാനിച്ചത്.
ഇന്ന് നമ്മളെ മുന്നോട്ടു നയിക്കുന്ന കലണ്ടര്‍ മാസങ്ങള്‍ ലോകത്തിന് സമ്മനിച്ചതില്‍ ജൂലിയസ് സീസറിന്റെ പങ്ക് ചെറുതല്ല. സീസര്‍ ചരിത്രത്തില്‍ വരുത്തിയ നിര്‍ണായകമായ ഒരു തിരുത്തലാണ് നാലുവര്‍ഷം കൂടുമ്പോള്‍ ഫെബ്രുവരി മാസത്തില്‍ നമുക്ക് ലഭിക്കുന്ന ഇരുപത്തിയൊമ്പതാമത്തെ ദിവസം. ഈ ദിവസത്തിന് രസകരാമായ കഥ പറയാനുണ്ട്. സീസറിന്റെ ഭരണകാലത്ത് അപ്രതീക്ഷിതമായി വേനല്‍ക്കാലമാസങ്ങള്‍ വസന്തകാലത്തിലേ വഴിയതോടെ നിരാശയിലായ അദ്ദേഹം ഒരു കലണ്ടര്‍ നടപ്പാക്കാന്‍ വിദഗ്‌ദന്‍മാരെ സമീപിക്കുകയും അവരുടെ നിര്‍ദേശത്തെ തുടര്‍ന്ന് ബിസി 46-ല്‍ ‘ജൂലിയന്‍ കലണ്ടര്‍’ എന്നറിയപ്പെടുന്ന ഒരു കലണ്ടര്‍ നടപ്പാക്കുകയും ചെയ്‌തു.
ഈജിപ്ഷ്യന്‍ കലണ്ടറിന്റെ അടിസ്ഥാനത്തില്‍ പഴയ കലണ്ടറില്‍ കൂടുതലായുണ്ടായിരുന്ന പത്തു് ദിവസങ്ങള്‍ 29 ദിവസങ്ങള്‍ മാത്രമുള്ള മാസങ്ങള്‍ക്കു് വീതിച്ച് നല്‍കി പന്ത്രണ്ട് മാസങ്ങളുള്ള കലണ്ടര്‍ സീസര്‍ ഉണ്ടാക്കുകയും. ഒരു കലണ്ടര്‍ വര്‍ഷം എന്നാല്‍ 365 ദിവസം എന്നാണെന്നും വ്യക്തമാക്കി. കൂടാതെ ഓരോ നാലുവര്‍ഷം കൂടുമ്പോള്‍ ഫെബ്രുവരിയോട് ഒരു ദിവസം കൂട്ടിച്ചേര്‍ക്കാനും അദ്ദേഹം തീരുമാനിച്ചു. ഏഴാമത്തെ മാസത്തിന് ജൂലായ് എന്ന് പേരിട്ടതും സീസര്‍ ആയിരുന്നു. സീസറുടെ പിന്‍ഗാമിയായ അഗസ്റ്റസിന്റെ പേരില്‍ നിന്നാണ് ആഗസ്ത് എന്ന മാസം നിലവില്‍ വന്നത്. ജൂലിയസ് സീസറിനെക്കാള്‍ ഒട്ടും മോശക്കാരനാവാതിരിക്കാന്‍ വേണ്ടി 30 ദിവസങ്ങള്‍ മാത്രമുണ്ടായിരുന്ന ആഗസ്റ്റിനു അദ്ദേഹം 31 ദിവസങ്ങള്‍ നല്‍കുകയും ചെയ്തു. പിന്നീട് ഈ കലണ്ടറില്‍ ചെറിയ മാറ്റങ്ങള്‍ വന്നുവെങ്കിലും പിന്നീട് ലോകമാകെ സീസറിന്റെ കണ്ടെത്തുലുകളെ അംഗീകരിച്ചു.
ഇതിൽ ഒരു വർഷം കൃത്യമായും 365 ദിവസത്തിൽനിന്നും ഒരല്പം, അതായത് 5 മണിക്കൂർ 48 മിനിറ്റ് 46 സെക്കന്റ്, കുറവുണ്ടായിരുന്നു. ഓരോ നാലു വർഷം കൂടുമ്പോൾ രണ്ടാം മാസമായ ഫെബ്രുവരിക്ക് ഒരു ദിവസം കൂടി (അധിവർഷം) നൽകിയാണ് ഈ കുറവ് പരിഹരിച്ചത്. പക്ഷേ 4 വർഷത്തിലൊരിക്കല്‍ അധികദിവസം കണക്കാക്കുമ്പോൾ കുറവുള്ള 5 മണിക്കൂർ 48 മിനിറ്റ് 46 സെക്കന്റിനു പകരം ഓരോവർഷത്തിനും 6 മണിക്കൂർ വീതം ലഭിക്കുകയും ചെയ്യും. ഇങ്ങനെ വരുമ്പോൾ ഓരോ 365 ദിവസം, വർഷത്തിനും 11 മിനിറ്റ് 14 സെക്കന്റിനും കൂടുതലാകുന്നു. ഈ കണക്കുപ്രകാരം ഓരോ 134 വർഷം കൂടുമ്പോഴും ഒരു ദിവസം അധികമായി ഉണ്ടാവുന്നു. ഇങ്ങനെ ജൂലിയൻ കലണ്ടർ പ്രകാരം അബദ്ധത്തിൽ ഓരോ വർഷത്തിന്റേയും കൂടെ അധികമായി വന്ന സമയം മൂലം പതിനാറാം നൂറ്റാണ്ടോടു കൂടി ഈ കാലനിര്‍ണ്ണയരീതി 10 ദിവസം വ്യത്യാസം കാണിച്ചുതുടങ്ങിയിരുന്നു.
ഈ തെറ്റിനു പരിഹാരമായി ഗ്രിഗറി പതിമൂന്നാമൻ മാർപ്പാപ്പ 1582 ഒക്ടോബർ 4 ചൊവ്വാഴ്ച്‍ക്കു ശേഷം അടുത്ത ദിവസമായി ഒക്ടോബർ 15 വെള്ളിയാഴ്ച എന്ന മാറ്റം വരുത്തി കൂടുതലായി വന്ന ദിവസങ്ങൾ കുറച്ചു. ഭാവിയിൽ ഈ തെറ്റു ആവര്‍ത്തിക്കാതിരിക്കാനായി ഓരോ 400 വർഷത്തിലും മൂന്ന് ജൂലിയൻ അധികദിവസങ്ങൾ ഒഴിവാക്കുകയും ചെയ്തു. ഈ രീതിയാണ് പിന്നീട് ഗ്രിഗോറിയൻ കാലനിര്‍ണ്ണയരീതി എന്നറിയപ്പെട്ടത്. ഈ രീതിയില്‍ നാലു കൊണ്ട് പൂർണ്ണമായി ഭാഗിക്കാന്‍ പറ്റുന്ന എല്ലാവർഷങ്ങളേയും അധിവർഷങ്ങളായി കണക്കാക്കുന്നു, എന്നാല്‍ 100 കൊണ്ട് പൂർണ്ണമായി ഭാഗിക്കുവാൻ പറ്റുന്നതും എന്നാൽ 400 കൊണ്ട് സാധിക്കാത്തതുമായ എല്ലാ വർഷങ്ങളേയും സാധാരണ വർഷങ്ങളായാണ് കണക്കാക്കുന്നത്. അധിവർഷങ്ങളിൽ 366 ദിവസങ്ങളാണ് ഉണ്ടാകുന്നത്. സാധാരണ 28 ദിവസങ്ങളുള്ള ഫെബ്രുവരി മാസത്തിന് 29 ദിവസങ്ങളാകും അധിവർഷങ്ങളിൽ ഉണ്ടാകുക.
ജൂലിയൻ കാലനിര്‍ണ്ണയരീതി ഏതാണ്ട് 1500 വർഷത്തോളം യൂറോപ്പിൽ ഉപയോഗത്തിലുണ്ടായിരുന്നു. ജൂലിയസ് സീസർ അലക്സാണ്ട്രിയയിലെ സോസിജെനസിന്റെ ഉപദേശപ്രകാരം സൂര്യനെ അടിസ്ഥാനമാക്കി നിർമ്മിച്ചതായിരുന്നു ഈ രീതി. ഇന്ന് ലോകവ്യാപകമായി ഉപയോഗിയ്ക്കുന്ന കലണ്ടർ സംവിധാനമാണ് ഗ്രിഗോറിയൻ കലണ്ടർ. യേശുക്രിസ്തു ജനിച്ച വർഷത്തെ അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കിയിരിയ്ക്കുന്നത്.