ഉത്തര കൊറിയന്‍ ആണവായുധങ്ങളാണ് യുഎസിനെ യുദ്ധത്തിൽനിന്നു പിന്തിരിപ്പിക്കുന്നത്; കിം ജോങ് ഉന്‍

Webdunia
തിങ്കള്‍, 1 ജനുവരി 2018 (10:35 IST)
തങ്ങളുടെ പക്കലുള്ള ആണവായുധങ്ങളാണ് യുഎസിനെ യുദ്ധത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നതെന്ന് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. യുഎസില്‍ മുഴുവനായി എത്താവുന്ന തരത്തിലുള്ള ആണവായുധങ്ങള്‍ തങ്ങളുടെ കൈവശമുണ്ട്. ഇക്കാര്യം യുഎസിന് വ്യക്തമായി അറിയാം. അതുകൊണ്ട് അവരൊരിക്കലും ഉത്തര കൊറിയയുമായി യുദ്ധത്തിനൊരുങ്ങില്ലെന്നും പുതുവര്‍ഷത്തോട് അനുബന്ധിച്ച് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കവെ കിം ജോങ് ഉന്‍ പറഞ്ഞു. 
 
ആണവായുധങ്ങള്‍ ഉപയോഗിക്കാനുള്ള ബട്ടണ്‍ തന്റെ ഡസ്‌കിലാണുള്ളതെന്നും ഇതൊരു ഭീഷണിയല്ല, മറിച്ച് യാഥാര്‍ഥ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ബാലിസ്റ്റിക് മിസൈലുകളുടെയും അണ്വായുധങ്ങളുടെയും  വന്‍തോതിലുള്ള നിര്‍മ്മാണത്തില്‍ ഈ വര്‍ഷം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും നമ്മുടെ സുരക്ഷയ്ക്കു ഭീഷണിയുണ്ടാകുന്ന വേളയില്‍ മാത്രമേ ഇവ ഉപയോഗിക്കുകയുള്ളുവെന്നും കിം പറഞ്ഞു.
 
അതേസമയം, ദക്ഷിണ കൊറിയയില്‍ വെച്ച് നടക്കുന്ന ശീതകാല ഒളിംപിക്‌സില്‍ ഉത്തര കൊറിയയുടെ ടീമിനെ വിടുന്ന കാര്യം പരിഗണിക്കുമെന്നും കിം കൂട്ടിച്ചേര്‍ത്തു. ഒളിംപിക്‌സില്‍ ഉത്തര കൊറിയ പങ്കെടുക്കുന്നതിലൂടെ ജനങ്ങളുടെ ഐക്യം കാണിക്കാനുള്ള അവസരമാണ് ഉണ്ടാകുന്നതെന്നും ഒളിംപിക്‌സ് വന്‍ വിജയമാകട്ടെയെന്ന് ആശംസിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

അനുബന്ധ വാര്‍ത്തകള്‍

Next Article