ജോ ബൈഡന് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍; രോഗം എല്ലുകളിലേക്കും ബാധിച്ചു

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 19 മെയ് 2025 (10:44 IST)
ജോ ബൈഡന് പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ സ്ഥിരീകരിച്ചു. ഞായറാഴ്ച അദ്ദേഹത്തിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 82 കാരനായ ബൈഡന് കാന്‍സര്‍ ഗുരുതരാവസ്ഥയിലേക്ക് മാറിയെന്നാണ് വിവരം. ക്യാന്‍സര്‍ എല്ലുകളിലേക്ക് വ്യാപിച്ചിട്ടുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു. മൂത്ര സംബന്ധമായ രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജോബൈഡന്‍ മെഡിക്കല്‍ സഹായം തേടിയത്.
 
സ്ഥിരീകരിച്ചത് വളരെ വേഗത്തില്‍ പടരുന്ന വിഭാഗത്തില്‍പ്പെട്ട ക്യാന്‍സറാണെന്നാണ് വിവരം. അതേസമയം രോഗബാധ നിയന്ത്രിക്കാന്‍ സാധിക്കുമെന്ന സൂചനയും ബൈഡന്റെ ഓഫീസ് നല്‍കുന്നുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് പദവി വഹിച്ച ഏറ്റവും പ്രായംചെന്ന പ്രസിഡന്റാണ് ജോ ബൈഡന്‍. 
 
ബൈഡന്റെ രോഗവിവരത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ദുഃഖം രേഖപ്പെടുത്തി. ജോ ബൈഡന്റെ രോഗവിവരം കേട്ടതില്‍ താനും മെലാനിയ ട്രംപും ദുഃഖിതരാണെന്ന് ട്രംപ് സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍