വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 40 പേരില്‍ 37 പേരുടെ ശിക്ഷ ഇളവ് ചെയ്ത് ജോ ബൈഡന്‍; നടപടി വധശിക്ഷയെ അനുകൂലിക്കുന്ന ട്രംപ് അധികാരമേല്‍ക്കാനിരിക്കെ

സിആര്‍ രവിചന്ദ്രന്‍

ചൊവ്വ, 24 ഡിസം‌ബര്‍ 2024 (10:27 IST)
പടിയിറങ്ങും മുന്‍പ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട 40 തടവുകാരില്‍ 37 പേരുടെ വധശിക്ഷ ഇളവ് ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി അധികാരമേല്‍ക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ബൈഡന്റെ പ്രഖ്യാപനം വന്നത്. മയക്കുമരുന്ന് ഇടപാട് നടത്തിയതിനും പോലീസുകാരെ കൊലപ്പെടുത്തിയതിനും ബാങ്ക് കൊള്ളയടിച്ചതിനുമൊക്കെ വധശിക്ഷ ലഭിച്ചവരാണ് കൂട്ടത്തിലുള്ളത്.
 
അതേസമയം മൂന്നുപേര്‍ക്ക് മാത്രമാണ് അമേരിക്കയില്‍ ഇനി വധശിക്ഷ കാത്തു നില്‍ക്കുന്നത്. സൗത്ത് കരോലൈനയിലെ പള്ളിയിലെ ആഫ്രിക്കന്‍ വംശജരായ ഒന്‍പതു പേരെ കൊന്ന ലിഡന്‍ റൂഫ്, ബോസ്റ്റണ്‍ മാരത്തണില്‍ ബോംബ് സ്‌ഫോടനം നടത്തിയ സരനെയ്, സിനഗോഗില്‍ 11 പേരെ വെടിവെച്ചു കൊല്ലപ്പെടുത്തിയ റോബര്‍ട്ട് ബവേഴ്‌സ് എന്നിവരാണ് ഇവര്‍.
 
ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റായിരുന്ന കാലത്ത് വധശിക്ഷകള്‍ ഒന്നും നടപ്പാക്കിയില്ല എന്നത് ശ്രദ്ധേയമാണ്. അതേസമയം വധശിക്ഷയ്ക്ക് അനുകൂല നിലപാടാണ് ഡൊണാള്‍ഡ് ട്രംപിനുള്ളത്. രണ്ടാഴ്ച മുന്‍പാണ് ബൈഡന്‍ 1500 പേര്‍ക്ക് ജയില്‍ ശിക്ഷ ഇളവ് ചെയ്ത് നല്‍കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍