തുർക്കി ഇസ്താംബൂളില്‍ പുതുവർഷാഘോഷത്തിനിടെ നിശാക്ലബ്ബിൽ വെടിവെപ്പ് നടത്തിയ ഭീകരേൻറതെന്ന് സംശയിക്കുന്ന ആളുടെ ചിത്രവും അക്രമി വെടിയുതിര്‍ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പുറത്ത് വിട്ടു. പുതുവർഷം പിറന്ന് 75 മിനിറ്റ് കഴിഞ്ഞപ്പോളാണ് ഇസ്തംബുൾ നഗരത്തിൽ ബോസ്ഫോറസ് നദിയോരത്തെ റെയ്ന നിശാക്ലബിലെത്തിയ അക്രമി തലങ്ങും വിലങ്ങും വെടിയുതിർത്തത്. 39 പേരാണ് വെടിവെപ്പില്‍ മരണമടഞ്ഞത്.
കൊല്ലപ്പെട്ട 16 വിദേശികളില്‍ രണ്ട് പേര്‍ ഇന്ത്യക്കാരാണെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചു. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഭീകരസംഘടനയായ ഐഎസ് ആണ് സംഭവത്തിനു പിന്നിലെന്ന നിഗമനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. അക്രമിക്കായി വ്യാപക തെരച്ചിലാണ് സുരക്ഷാ ഉദ്യോഗസ്ഥർ നടത്തുന്നത്. വെടിവെപ്പില്‍ 69ലേറെ പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു.