'അങ്ങനെ ചെയ്‌താൽ ഉടൻ യുദ്ധം അവസാനിപ്പിക്കും': ഹമാസുകാർക്ക് നെതന്യാഹുവിന്റെ ഉറപ്പ്

നിഹാരിക കെ എസ്
ശനി, 19 ഒക്‌ടോബര്‍ 2024 (08:30 IST)
ഹമാസുകാർ ആയുധം വെച്ചു കീഴടങ്ങുകയും ശേഷിക്കുന്ന ഇസ്രായേലി ബന്ദികളെ മോചിപ്പിക്കുകയും ചെയ്താൽ തൊട്ടടുത്തദിവസം യുദ്ധം നിർത്തുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസുകാർ കഴിഞ്ഞ വർഷം തട്ടിക്കൊണ്ട് പോയി ബന്ദികളാക്കിയ ഇസ്രായേലി പൗരന്മാരെ മടക്കിക്കൊണ്ടുവരാൻ ഇസ്രയേൽ പ്രതിജ്ഞാബദ്ധമാണെന്നും അതുവരെ യുദ്ധം നിർത്തില്ലെന്നും നെതന്യാഹു വ്യക്തമാക്കി. 
 
ഒരു വർഷത്തിലധികമായി ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള അവസരമാണ് ഇതെന്ന് ലോകനേതാക്കൾ അഭിപ്രായപ്പെട്ടു. ബന്ദികളെ വിട്ടയച്ച് യുദ്ധവിരാമത്തിനുള്ള വഴിയൊരുക്കണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും ഹമാസിനോടാവശ്യപ്പെട്ടു. 2023 ഒക്ടോബർ ഏഴിന് തെക്കൻ ഇസ്രയേൽ ആക്രമിച്ച് 251 പേരെയാണ് ഹമാസ് ബന്ദികളാക്കിയത്. അതിൽ 23 വിദേശപൗരരടക്കം 101 പേരെയാണ് ഇനി മോചിപ്പിക്കാനുള്ളത്. ഇവരെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് നെതന്യാഹു.
 
ഇതിനിടെ, ഹമാസിന്റെ നേതാവ് യഹ്യാ സിൻവാറിനെ ഗാസയിൽ ഇസ്രയേൽ സൈന്യം വധിച്ചിരുന്നു. ഹമാസ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. തലവനെ വധിച്ചെങ്കിലും ഇസ്രയേലിന്റെ ലക്ഷ്യം നടപ്പാകില്ലെന്നും ബന്ദികളെ വിട്ടുനൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും ഹമാസ് അറിയിച്ചു. ഗാസയിൽനിന്ന് ഇസ്രയേൽ സൈന്യത്തെ പിൻവലിക്കുകയും വെടിനിർത്തൽ നടപ്പാക്കുകയും ചെയ്യുന്നതുവരെ ബന്ദികൾ തിരിച്ചുപോകില്ലെന്ന് ഖത്തറിൽ കഴിയുന്ന ഹമാസിന്റെ ഉപനേതാവായിരുന്ന ഖലിൽ അൽ ഹയ്യ പറഞ്ഞു. വെടിനിർത്തൽ ചർച്ചകളിൽ ഹമാസ് സംഘത്തെ നയിച്ചുവരുന്നത് അൽ ഹയ്യയാണ്.   

അനുബന്ധ വാര്‍ത്തകള്‍

Next Article