ഗാസയെ പോലെ നിങ്ങളെ തകര്‍ക്കും; ലെബനന് നെതന്യാഹുവിന്റെ താക്കീത്, ഹിസ്ബുള്ള റോക്കറ്റ് ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്

രേണുക വേണു
ബുധന്‍, 9 ഒക്‌ടോബര്‍ 2024 (09:48 IST)
ലെബനീസ് സൈനിക ഗ്രൂപ്പായ ഹിസ്ബുള്ള ഇസ്രയേലില്‍ റോക്കറ്റ് ആക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. വടക്കന്‍ ഇസ്രയേലിലെ ഹൈഫ പോര്‍ട്ട് സിറ്റിയെ ലക്ഷ്യം വെച്ച് 180 റോക്കറ്റുകള്‍ ഉപയോഗിച്ച് ഹിസ്ബുള്ള ആക്രമണം നടത്തിയതായാണ് ഇസ്രയേല്‍ സൈന്യം ആരോപിക്കുന്നത്. അതിര്‍ത്തിക്കു സമീപമുള്ള സ്‌കൂളുകള്‍ അടച്ചിടാനും ജനങ്ങള്‍ പുറത്ത് ഇറങ്ങുന്നത് പരിമിതപ്പെടുത്താനും ഇസ്രയേല്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 
 
അതേസമയം ഹസന്‍ നസ്‌റല്ലയുടെ പിന്‍ഗാമിയാകാന്‍ സാധ്യതയുള്ള ഹിസ്ബുള്ളയുടെ മുതിര്‍ന്ന നേതാക്കളെയെല്ലാം വകവരുത്തിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അവകാശപ്പെട്ടു. ലെബനന്‍ ഹിസ്ബുള്ളയില്‍ നിന്ന് സ്വതന്ത്രരാകുകയാണെങ്കില്‍ ഈ യുദ്ധം അവസാനിക്കുമെന്ന് നെതന്യാഹു പറഞ്ഞു. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ ഗാസയെ പോലെ തകര്‍ച്ച നേരിടേണ്ടി വരുമെന്നും ലെബനന് നെതന്യാഹു താക്കീത് നല്‍കി. 
 
' ഇറാനും ഹിസ്ബുള്ളയും ചേര്‍ന്നാണ് ലെബനനെ കുഴപ്പത്തിലാക്കിയത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 8000 മിസൈലുകളാണ് ഇസ്രയേലിനെതിരെ ഹിസ്ബുള്ള പ്രയോഗിച്ചത്. ഇതിന് ഒരു അവസാനം കുറിക്കാന്‍ തന്നെയാണ് ഇസ്രയേലിന്റെ തീരുമാനം. പ്രതിരോധിക്കാന്‍ തങ്ങള്‍ക്ക് അവകാശമുണ്ട്,' വീഡിയോ സന്ദേശത്തില്‍ നെതന്യാഹു പറഞ്ഞു.
 
അതേസമയം സിറിയന്‍ തലസ്ഥാനമായ ദമാസ്‌കസില്‍ ഇസ്രയേല്‍ വ്യോമാക്രമണം നടത്തി. സ്ത്രീകളും കുട്ടികളും അടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഇറാന്‍ റെവലൂഷണറി ഗാര്‍ഡ്‌സും ഹിസ്ബുള്ളയും പ്രവര്‍ത്തിക്കുന്ന കെട്ടിടം ലക്ഷ്യമിട്ടായിരുന്നു ഇസ്രയേലിന്റെ വ്യോമാക്രമണം. സാധാരണ ജനങ്ങള്‍ക്കെതിരായ ഇസ്രയേല്‍ ആക്രമണം അപലപനീയമെന്ന് സിറിയന്‍ വിദേശകാര്യ മന്ത്രാലയം ആരോപിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article