ayatollah ali khamenei: കൈയ്യിൽ റൈഫിളുമായി അലി ഖമൈനി, ഇസ്രായേൽ അധികകാലം നിലനിൽക്കില്ലെന്ന് പ്രഖ്യാപനം

അഭിറാം മനോഹർ

ശനി, 5 ഒക്‌ടോബര്‍ 2024 (13:11 IST)
ayatollah-ali-khamenei
അര പതിറ്റാണ്ടിനിടെ ആദ്യത്തെ വെള്ളിയാഴ്ച പ്രഭാഷണം നടത്തി ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമൈനി. 1979ലെ ഇസ്ലാമിക വിപ്ലവത്തിന് നിര്‍ണായകമായ പങ്കുവഹിച്ച ചരിത്രപ്രസിദ്ധമായ ഇമാം ഖൊമൈനി മസ്ജിദാണ് പ്രസംഗത്തിനായി അലി ഖമൈനി തിരെഞ്ഞെടുത്തത്. ആയിരക്കണക്കിന് ഇറാനികളെ അഭിസംബോധന ചെയ്യുമ്പോള്‍ റഷ്യന്‍ നിര്‍മിതമായ ഡ്രാഗുനോവ് റൈഫിള്‍ ഖമൈനി കൈവശം വെച്ചിരുന്നു.
 
ഇസ്രായേല്‍ ആക്രമണത്തിന് മുന്നില്‍ ഇറാന്‍ പിന്നോട്ട് പോകില്ലെന്ന് വ്യക്തമാക്കിയ ഖമൈനി ഇറാനിയന്‍ പ്രതിരോധത്തിന്റെ പ്രതീകമായാണ് റൈഫിള്‍ കൈവാം വെച്ചത്. നമ്മുടെ അചഞ്ചലമായ വിശ്വാസം ശക്തിപ്പെടുത്തികൊണ്ട് ശത്രുവിനെതിരെ നാം നിലകൊള്ളണം. ഇസ്രായേല്‍ ദീര്‍ഘകാലം നിലനില്‍ക്കില്ല. ഖമൈനി ഇറാനികളെ  അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ഇറാനും അതിന്റെ പ്രാദേശികമായ സഖ്യകക്ഷികള്‍ക്കും മനോവീര്യം നല്‍കുന്നതായിരുന്നു ഖമൈനിയുടെ പ്രസംഗം.
 
അതേസമയം ഇറാന്റെ മിസൈല്‍ ആക്രമണത്തിന് ശേഷവും ലബനനില്‍ ശക്തമായ ആക്രമണമാണ് ഇസ്രായേല്‍ നടത്തുന്നത്. ഹിസ്ബുള്ളയുടെയും ഹമാസിന്റെയും ഉന്നത നേതാക്കളെ തിരെഞ്ഞുപിടിച്ചു കൊല്ലുക എന്ന രീതി തന്നെയാണ് ഇസ്രായേല്‍ പിന്തുടരുന്നത്. ഇതിനായി സിറിയയിലടക്കം പല പ്രദേശങ്ങളിലും ഇസ്രായേല്‍ ബോംബിട്ടിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍