Israel Iran Conflict: തിരിച്ചടിച്ച് ഇസ്രായേൽ, ഇറാനെതിരെ വ്യോമാക്രമണം നടത്തിയതായി റിപ്പോർട്ട്

അഭിറാം മനോഹർ
വെള്ളി, 19 ഏപ്രില്‍ 2024 (14:24 IST)
ഇറാന്‍ നടത്തിയ ഡ്രോണ്‍ മിസൈല്‍ ആക്രമണത്തിന് ഇസ്രായേല്‍ തിരിച്ചടി നല്‍കിയതായി റിപ്പോര്‍ട്ട്. ഇറാനെതിരെ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയതായി യു എസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എ ബി സി ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഇറാന്‍ നഗരമായ ഇസഫഹാനില്‍ സ്‌ഫോടന ശബ്ദം കേട്ടതായും എന്നാല്‍ ഇതിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും ഇറാന്‍ ഫാര്‍ ന്യൂസ് ഏജന്‍സിയും അറിയിച്ചു. നതാന്‍സ് ആണവകേന്ദ്രമടക്കം സ്ഥിതിചെയ്യുന്ന ഏറെ പ്രധാനപ്പെട്ട പ്രദേശമാണിത്.
 
യുദ്ധപശ്ചാത്തലത്തില്‍ ഇറാന്‍ വിമാനപാതയിലൂടെയുള്ള നിരവധി വിമാനങ്ങള്‍ തിരിച്ചുവിട്ടതായി റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നുണ്ട്. ഏപ്രില്‍ ഒന്നിന് സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസിലെ ഇറാന്‍ നയതന്ത്രകാര്യാലയത്തില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന്റെ തിരിച്ചടിയായാണ് ശനിയാഴ്ച മുന്നൂറിലധികം ഡ്രോണുകളും മിസൈലുകളും അയച്ചുകൊണ്ട് ഇറാന്‍ മറുപടി നല്‍കിയത്. ഇതിന്റെ തുടര്‍ച്ചയായാണ് ഇസ്രായേലിന്റെ തിരിച്ചടി.
 
അതേസമയം ഇസ്രായേല്‍ ആക്രമണം ഇറാന്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ നിരവധി ഡ്രോണുകള്‍ വെടിവെച്ച് വീഴ്ത്തിയതായി ഇറാന്‍ അറിയിച്ചു. വാര്‍ത്തയെ തുടര്‍ന്ന് ടെഹ്‌റാന്‍ ഇമാം കൊമൈനി അന്താരാഷ്ട്ര വിമാനത്താവളം അടച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article