ഇസ്‌ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഭീകരരുടെ അഴിഞ്ഞാട്ടത്തില്‍ ജനജീവിതം താറുമാറായ സിറിയയില്‍ പട്ടിണിയും മാറാരോഗങ്ങളും ബാധിച്ച് ആയിരങ്ങള്‍ മരിച്ചതായി സിറിയന്‍ സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട്. മരിച്ചവരില്‍ സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നതാണ് പുതിയ റിപ്പോര്‍ട്ട്.
അഞ്ചു വര്‍ഷമായി തുടരുന്ന ആഭ്യന്തരയുദ്ധത്തില്‍ സാധാരണക്കാരുടേതടക്കമുള്ളവരുടെ ജീവിതം സ്‌തംഭിച്ച അവസ്ഥയിലാണെന്ന് പഠന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 2011 മാര്‍ച്ചില്‍ ആഭ്യന്തരകലാപം പൊട്ടിപ്പുറപ്പെട്ട നാള്‍മുതല്‍ ഇന്ന് വരെയുള്ള കണക്കുകള്‍ പ്രകാരം 11.5 ശതമാനം സിറിയന്‍ ജനത ആഭ്യന്തരയുദ്ധത്തിന്റെ ഇരകളാണ്. 47,0000 പേര്‍ കൊല്ലപ്പെട്ടുവെന്നും 1.9 മില്ല്യണ്‍ മനുഷ്യര്‍ പരിക്കേറ്റ് നരക ജീവിതം നയിയ്ക്കുന്നുമെന്നുമാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. 225 ബില്ല്യണ്‍ ഡോളറിന്റെ നഷ്ടമാണ് രാജ്യത്തിന്റെ സാമ്പത്തിക മേഖലയിലുണ്ടായിരിയ്ക്കുന്നത്.
ഏകദേശം 50000 സിറിയന്‍ പൗരന്‍മാര്‍ ആവശ്യത്തിന് ഭക്ഷണമോ കുടിവെള്ളമോ പോലുമില്ലാതെ കഷ്ടപ്പെടുകയാണെന്നാണ് റെഡ് ക്രോസ് ഇന്റര്‍നാഷണലിന്റെ നിരീക്ഷണം. യുഎന്നിന്റെ നേത്യത്വത്തില്‍ ലോകരാജ്യങ്ങള്‍ സമാധാന ചര്‍ച്ചകള്‍ക്ക് താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ നിലവില്‍ സിറിയന്‍ പ്രതിസന്ധി പരിഹരിയ്ക്കാനവശ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ യു എന്നിനും കഴിഞ്ഞിട്ടില്ല. 2010ല്‍ 4.4 ശതമാനം മരണനിരക്ക് രേഖപ്പെടുത്തിയ സിറിയയിലാണ് 2015ല്‍ 10.5 ശരാശരിയെത്തിയത്.