എങ്ങനെയാണ് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ ക്രൂരമായി മറ്റുള്ളവരെ വധിക്കുന്നതെന്നും ഒരേസ്ഥലത്ത് തന്നെ തുടര്‍ച്ചയായി പോരാട്ടം തുടരാനും സാധിക്കുന്നതെന്ന അന്വേഷണത്തിലായിരുന്നു പാശ്ചാത്യ രാജ്യങ്ങള്‍. ഇപ്പോളിതാ അതിന്റെ രഹസ്യം കണ്ടെത്തിയിരിക്കുന്നു. തളരാതെയും ക്ഷീണം തോന്നാതെയും നിന്ന് പൊരുതാന്‍ തീവ്രവാദികള്‍ 'ക്യാപ്‌റ്റാഗണ്‍' എന്ന ഉത്തേജകമരുന്നിനെ ആശ്രയിക്കുകയാണെന്നാണ് അവര്‍ കണ്ടെത്തിയത്.
സിറിയയില്‍ നിര്‍മ്മിക്കപ്പെടുന്ന കഠിനമായ അഡിക്ഷനുള്ള ഈ ചെറിയ ഗുളികകള്‍ ആണ് ഭീകരരെ അതിക്രൂരന്മാരും അമാനുഷികരാക്കി മാറ്റുന്നന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉറക്കമില്ലായ്‌മ, അമിത ഉറക്കം, വിഷാദം തുടങ്ങിയവ മൂലം കഷ്‌ടപ്പെടുന്നവര്‍ക്ക് 1960 കളില്‍ പാശ്‌ചാത്ത്യ രാജ്യങ്ങളില്‍ പതിവായി നല്‍കിയിരുന്ന ഗുളികയാണ് കാപ്‌ടാഗണ്‍. മയക്കുമരുന്ന് പോലെ അഡിക്ഷന്‍ ഉണ്ടാക്കുന്നതിനാല്‍ ഇത് 1980 കളില്‍ നിരോധിക്കപ്പെടുകയും ചെയ്‌തിരുന്നു.
ഉറക്കമോ ക്ഷീണമോ തോന്നുകയില്ല. ഒരിക്കല്‍ ഉപയോഗിച്ചാല്‍ പിന്നീട് ഇതിന്റെ അടിമയാകും. അതിശക്തമായ ഉത്തേജക മരുന്നുകൂടിയാണ് ഇത്. 20 ഡോളര്‍ വില വരുന്ന ഗുളിക സിറിയന്‍ പോരാളികള്‍ക്കിടയില്‍ ഇപ്പോള്‍ വ്യാപകമാണ്. അതേസമയം ഈ ഗുളികകള്‍ക്ക് അപകടകരമായ പാര്‍ശ്വഫലങ്ങള്‍ ഉള്ളതാണെന്ന് ഡോക്‌ടര്‍മാര്‍ പറയുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട് ബിബിസി സെപ്‌തംബറില്‍ സംപ്രേഷണം ചെയ്‌ത അറബി ഡോക്യൂമെന്ററിയില്‍ ഈ ഗുളികകള്‍ വ്യാപകമാകുന്നതായി വിവരം ഉണ്ടായിരുന്നു. ഉറങ്ങാന്‍ കഴിയില്ല. കണ്ണു പോലും അടയില്ലെന്ന് ഒരു ലബനീസ് യൂസര്‍ പറയുന്നുണ്ട്. ഒരിക്കല്‍ ഉപയോഗിക്കാന്‍ തുടങ്ങിയാല്‍ പിന്നെ നിര്‍ത്താനേ പറ്റില്ലെന്നും പറയുന്നു. ലോകത്തിന് മുകളില്‍ നില്‍ക്കുകയാണെന്ന തോന്നല്‍ ഉണ്ടാക്കുമെന്നാണ് മറ്റൊരാള്‍ പറയുന്നത്. ക്യാപ്‌റ്റാഗണ്‍ കഴിച്ചശേഷം ഭീതി എന്നൊരു വികാരം പോലും തോന്നിയില്ലെന്ന് മൂന്നാമന്‍ പറയുന്നു.
അതേസമയം വര്‍ഷം ഏഴ് ടണ്‍ വിതരണം ചെയ്യുന്ന സൗദി അറേബ്യയാണ് ഇതിന്റെ ഏറ്റവും വലിയ ഉപയോക്‌താക്കള്‍. 2010 ല്‍ ഉപഭോഗത്തില്‍ മൂന്നാം സ്‌ഥാനത്ത് വന്ന അവര്‍ വര്‍ഷം തോറും 40,000 മുതല്‍ 50,000 പേരെ വരെ ചികിത്സിക്കുന്നതായിട്ടാണ് വിവരം. 1981 ല്‍ ക്യപ്‌റ്റാഗണിനെ മയക്കുമരുന്നിന്റെ പട്ടികയില്‍ അമേരിക്ക ഉള്‍പ്പെടുത്തിയതാണ്.