എയർ ഷോയിൽ തേജസ് പറന്നു, ഇന്ത്യയുടെ അഭിമാനമായി, ശബ്‌ദവേഗത്തിൽ. കഴിഞ്ഞ ദിവസം സഖീർ എയർ ബേസിൽ നടന്ന ഷോയിലണ് ഇന്ത്യൻ നിർമിത ലഘു പോർവിമാനം ‘തേജസും', ഇന്ത്യൻ എയർഫോഴ്‌സിലെ സാരംഗ് ടീമിന്റെ 'ധ്രുവ്' ഹെലികോപ്റ്ററും മികച്ച പ്രകടനം കാഴ്ച വെച്ചത്. ആദ്യമായാണു ഇന്ത്യയ്ക്കു പുറത്ത് ‘തേജസ്’ ഒരു എയർ ഷോയിൽ പങ്കെടുക്കുന്നത്. പുതുതായി വികസിപ്പിച്ച സെൻസറുകളും വാർത്താവിനിമയ ഉപകരണങ്ങളും, നാഗ്, ആകാശ് മിസൈലുകൾ എന്നിവയും ഡിആർഡിഒ സ്‌റ്റാളിലെ പ്രദർശനത്തിലുണ്ട്. ഈ എയർഷോയിലെ മുഖ്യ ആകർഷണം ഇന്ത്യയുടെ 'തേജസ്' വിമാനം ആയിരുന്നു.
ഇന്ത്യ ആദ്യമായി തദ്ദേശീയമായി നിർമ്മിച്ച യുദ്ധവിമാനമാണ് 'തേജസ്'. 2011 ജനുവരിയില്‍ സർക്കാർ ഉടമസ്‌ഥതയിലുള്ള ഹിന്ദുസ്‌ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് (എച്ച് എ എൽ) ആണ് വിമാനം നിര്‍മ്മിച്ചത്. എച്ച് എ എൽ ആസ്‌ഥാനത്തു നടന്ന ചടങ്ങിൽ പ്രതിരോധമന്ത്രി മനോഹർ പരീക്കര്‍ വ്യോമസേനാ മേധാവി അരൂപ് റാഹയ്‌ക്കു വിമാനം കൈമാറുകയായിരുന്നു. തദ്ദേശനിര്‍മ്മിത പോർവിമാനങ്ങൾ കൂടുതലായി വ്യോമസേനയിലേക്കു കൊണ്ടു വരുന്നതിന്റെ ഭാഗമായി കൂടുതൽ 'തേജസ്'കള്‍ നിർമിക്കാൻ എച്ച് എ എല്ലിനു പദ്ധതിയുണ്ട്.
ആയിരക്കണക്കിനു പരീക്ഷണപ്പറക്കലുകൾക്കു ശേഷമാണ് 'തേജസ്' വ്യോമസേനയിലെത്തുന്നത്. പൊടുന്നനെ തിരിഞ്ഞു മറിയാനുള്ള ശേഷിയാണ് 'തേജസി'ന്റെ പ്രത്യേകത. ലേ, ജാംനഗർ, ജയ്‌സാൽമേർ, ഗ്വാളിയോർ, പത്താൻകോട്ട്, ഗോവ എന്നിവിടങ്ങളിലെ വ്യത്യസ്‌ത കാലാവസ്‌ഥ സാഹചര്യങ്ങളിലെ ആയുധസജ്‌ജ പരീക്ഷണങ്ങളും തേജസിന്റെ ഭാഗമായി നടന്നിരുന്നു. ഇതിനു കൃത്യമായി യുദ്ധസാമഗ്രികളും റോക്കറ്റുകളും ബോംബുകളും വർഷിക്കാന്‍ കഴിയും. കരയിലേക്കോ ആകാശത്തേക്കോ കടലിലേക്കോ തൊടുക്കാവുന്ന മിസൈലുകൾ വഹിക്കാൻ 'തേജസി'നു കഴിയും. പ്രതിരോധ ഗവേഷണ വികസന സംഘടന (ഡിആർഡിഒ) നിർമ്മിച്ച വിവിധോദ്ദേശ്യ റഡാറും തേജസ്സിന്റെ പ്രത്യേകതയാണ്.
ഒരാൾക്ക് പറത്താന്‍ കഴിയുന്ന 'തേജസി'ന്റെ ഭാരം 6560 കിലോഗ്രാമാണ്. 9500 കിലോഗ്രാം വരെ അധികഭാരം കയറ്റാനും സാധിക്കും. പരമാവധി ടേക്ക് ഓഫ് ഭാരം 13,200 കിലോഗ്രാമാണ്. മാക് 1.6 (മണിക്കൂറിൽ 2,205 കി.മീ) ആണ് തേജസിന്റെ വേഗം. 3,000 കിലോ മീറ്റര്‍ പരിധി വരെ പറക്കാനും 'തേജസി'നു കഴിയും.
എ – 8 റോക്കറ്റ്, എയർ ടു എയർ മിസൈലാക്രമണത്തിനും 'തേജസി'നു കഴിയും. അസ്ത്ര, ഡെർബി, പൈത്തോൺ, ആർ–77, ആർ–73 മിസൈൽ എന്നിവ എയർ ടു എയറില്‍ ഉപയോഗിക്കാനാകും. ഇതിനു പുറമെ എയർ ടു സർഫേഴ്സ്, ആന്റി ഷിപ്പ് മിസൈലുകൾ തുടങ്ങിയവയും പ്രയോഗിക്കാനുള്ള ശേഷി 'തേജസി'നുണ്ട്.
1983ൽ ആണു ലഘു പോർവിമാന പദ്ധതിക്ക് തുടക്കമിട്ടത്. വ്യോമസേനയുടെ പോർവിമാന ശ്രേണിയിലുണ്ടായിരുന്ന മിഗ്21 വിമാനങ്ങളുടെ പ്രായക്കൂടുതലായിരുന്നു ഈ നീക്കത്തിനു കാരണം. പക്ഷേ, വ്യോമസേനയ്‌ക്കു കൂടുതൽ യുവത്വമേകാൻ ലക്ഷ്യമിട്ടുള്ള പദ്ധതി അനന്തമായി നീളുകയായിരുന്നു. അമേരിക്കയടക്കമുള്ള വിദേശരാജ്യങ്ങൾ പദ്ധതിയുമായി സഹകരിക്കാതിരുന്നതും ഇതിനു തടസ്സമായി. ലഘു പോർവിമാനങ്ങൾ നിർമിക്കുന്ന പദ്ധതി പിന്നീടു പ്രത്യേക ഡിവിഷനാക്കി ഉയർത്തിയിരുന്നു.
വ്യോമസേനയുടെ ഏറെ നാളത്തെ കാത്തിരിപ്പിനാണ് ഇതോടെ ശമനമുണ്ടായത്. ഇത്തരം ലഘു പോർവിമാനത്തിന്റെ കാര്യത്തിൽ വ്യോമസേന നേരത്തേ ചില വിയോജിപ്പുകൾ പ്രകടിപ്പിച്ചിരുന്നു. 2011 ജനുവരിയിലാണ് ആദ്യഘട്ട പ്രവർത്തനാനുമതി ലഭിച്ചത്. ഇതിനെതിരെ ചീഫ് ഓഫ് എയർ സ്‌റ്റാഫ് പി വി നായിക് അതൃപ്‌തി പ്രകടിപ്പിച്ചിരുന്നു. വിമാനം സജ്‌ജമല്ലാത്തതിനാൽ പറത്താൻ വ്യോമസേനയിൽ ആരെയും അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു അദ്ദേഹം.
പ്രതിവർഷം എട്ടു വിമാനങ്ങൾ വീതം നിർമ്മിക്കുന്നതിനുള്ള സൗകര്യം എച്ച് എ എല്ലിലുണ്ട്. ഈ ഉൽപാദനശേഷി പ്രതിവർഷം 16 ആക്കുന്നതിനായുള്ള നീക്കം നടക്കുന്നുണ്ട്. സമയബന്ധിതമായി വ്യോമസേനയ്‌ക്കു വിമാനങ്ങൾ നിർമ്മിച്ചു നൽകുന്നതിനുള്ള എല്ലാ വെല്ലുവിളികളും ഏറ്റെടുത്ത് കുതിപ്പു തുടരാനാണ് എച്ച്‌എഎൽ ശ്രമിക്കുന്നത്.