പാകിസ്ഥാനെ ഇമ്രാന്‍ നയിക്കും; പിടിഐ ഏറ്റവും വലിയ ഒറ്റക്കക്ഷി, തൂക്കുസഭയ്ക്ക് കളമൊരുങ്ങുന്നു - പ്രതികരണം പിന്നീടെന്ന് ഇന്ത്യ
വെള്ളി, 27 ജൂലൈ 2018 (14:29 IST)
പാകിസ്ഥാന്‍ തെരഞ്ഞെടുപ്പില്‍ മുൻ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന്റെ തെഹ്റീക് ഇ ഇന്‍സാഫ് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷി. 270ല്‍ 251 സീറ്റുകളുടെ ഫലം പുറത്തുവന്നപ്പോള്‍ 110 സീറ്റുകളുമായി ഇമ്രാന്റെ പാർട്ടി വലിയ ഒറ്റക്കക്ഷിയായതോടെ ഔദ്യോഗിക തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നു.
കേവല ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തില്‍ ഇമ്രാൻ ഖാന് അധികാരത്തില്‍ എത്തണമെങ്കില്‍ കൂട്ടുകക്ഷി മന്ത്രിസഭ രൂപീകരിക്കേണ്ടി വരും. അതേസമയം, പാക് സൈന്യത്തിന്റെ ഇടപെടൽ ഉണ്ടായതെന്ന ആരോപണത്തെത്തുടർന്ന് 19 സീറ്റുകളുടെ ഫലം വൈകുകയാണ്.
രണ്ടാമതെത്തിയ ഷഹബാസ് ഷരീഫിന്റെ പാകിസ്ഥാന്‍ മുസ്ലീം ലീഗിന് 63 സീറ്റ് മാത്രമാണ് നേടാനായത്. മൂന്നാം സ്ഥാനത്ത് എത്തിയ ബിലാവാല്‍ ഭൂട്ടോയുടെ പാകിസ്ഥാന്‍ പീപ്പിള്‍സ് പാര്‍ട്ടിക്ക് 39 സീറ്റാണ് ലഭിച്ചത്. 272 അംഗ സഭയില്‍ 137 സീറ്റുകളാണ് സര്‍ക്കാരുണ്ടാക്കാന്‍ ആവശ്യം. 25ന് നടന്ന വോട്ടെടുപ്പിന്റെ ഫലമാണ് ഇന്ന് പുറത്തു വരുന്നത്.
പാകിസ്ഥാന്‍ തെരഞ്ഞെടുപ്പിന്റെ ഫലങ്ങള്‍ പുറത്തുവന്നിട്ടും ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഫലത്തോട് പ്രതികരിച്ചിട്ടില്ല. പാക് സര്‍ക്കാരിന്റെ കാര്യത്തില്‍ വ്യക്തത കൈവരട്ടെ എന്ന നിലപാടിലാണ് ഇന്ത്യ.