ഇന്ത്യയുമായി ചര്‍ച്ചയ്‌ക്ക് തയ്യാര്‍; ചൈനയുമായുള്ള ബന്ധം ശക്തിപ്പെടുത്തും, തന്നെ ബോളിവുഡ് വില്ലനെപ്പോലെ കാണുന്നതില്‍ വിഷമമുണ്ട് - ഇമ്രാന്‍ ഖാന്‍

വ്യാഴം, 26 ജൂലൈ 2018 (20:55 IST)
സമാധാനത്തിന് ഇന്ത്യ ഒരു ചുവടുവെച്ചാല്‍ താന്‍ രണ്ടു ചുവടു വെക്കുമെന്ന് മുന്‍ക്രിക്കറ്റ് താരവും തെഹ്റീക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാന്‍. ഇന്ത്യയുമായി മികച്ച ബന്ധം ആഗ്രഹിക്കുന്ന പാക്കിസ്ഥാനികളിൽ ഒരാളാണു താന്‍. അവരുമായുള്ള സഹകരണം വര്‍ദ്ധിപ്പിക്കാന്‍ പാകിസ്ഥാന്‍ തയാറാണെന്നും അദ്ദേഹം പറഞ്ഞു.

പൊതുതിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ ഒറ്റകക്ഷിയായതിന് ശേഷം രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഇമ്രാന്‍ ഖാന്‍. പാവങ്ങൾക്ക് വേണ്ടിയുള്ള സർക്കാരാകും വരാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

വ്യാപാരമുള്‍പ്പെടയുള്ള വിഷയങ്ങളില്‍ ഇന്ത്യയുമായി ചര്‍ച്ചകള്‍ തുടരും. ഇന്ത്യന്‍ മാധ്യമങ്ങള്‍ ബോളിവുഡ് സിനിമയിലെ വില്ലനെ പോലെയാണ് തന്നെ ചിത്രീകരിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ വേദന തോന്നാറുണ്ട്.  ഉപഭൂഖണ്ഡത്തിൽ നിന്നു ദാരിദ്ര്യം തുടച്ചു മാറ്റണമെങ്കിൽ അയൽരാജ്യങ്ങളുമായി മികച്ച ബന്ധവും വ്യാപാരവും ആവശ്യമാണെന്നും ഇമ്രാന്‍ പറഞ്ഞു.

കശ്‌മീരില്‍ പ്രശ്‌നങ്ങള്‍ തുടരുന്നുണ്ട്. പരസ്‌പരമുള്ള പഴിചാരല്‍ അവസാനിപ്പിച്ച് ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവുമിരുന്നാൽ ഈ വിഷയത്തില്‍ പരിഹാരം കാണാം. ചൈനയുമായുള്ള ബന്ധം പാക്കിസ്ഥാൻ ശക്തിപ്പെടുത്തും. ചൈന – പാകിസ്ഥാൻ സാമ്പത്തിക ഇടനാഴി പദ്ധതിയിലൂടെ രാജ്യത്തിനു വൻ അവസരമാണു ലഭിച്ചിരിക്കുന്നതെന്നും ഇമ്രാൻ പറഞ്ഞു.

തന്നെ വ്യക്തിപരമായി ആക്രമിച്ചവരോട് പകയില്ല. പാവങ്ങള്‍ക്ക് വേണ്ടിയുള്ള സര്‍ക്കാരാണ് വരാന്‍ പോകുന്നത്. രാജ്യത്ത് വര്‍ദ്ധിക്കുന്ന അഴിമതി ഇല്ലാതാക്കി ജനാധിപത്യം ശക്തിപ്പെടുത്തും. വിദ്യാഭ്യാസം, ആരോഗ്യം, കാർഷികം, തൊഴിലാളി സംരക്ഷണം, കുടിവെള്ളം എന്നിവയ്‌ക്കാകും തന്റെ സർക്കാർ പ്രാധാന്യം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍